ഹൈദരാബാദ് :തെന്നിന്ത്യയില്‍ തിളങ്ങി പിന്നീട് ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തി ലോകശ്രദ്ധ ആർജിച്ച അഭിനേത്രി പ്രിയങ്ക ചോപ്ര ഇന്ത്യക്കാർക്കെന്നും അഭിമാനമാണ്. ലോക സിനിമ ഭൂപടത്തിലേക്ക് നടന്നുകയറിയ പ്രിയങ്കയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. മുന്നില്‍ തടസമായി വന്ന പ്രതിസന്ധികളെയും വിമർശനങ്ങളെയും വിവാദങ്ങളെയുമെല്ലാം അതിജീവിച്ച് അവർ ഇന്നെത്തി നില്‍ക്കുന്നത് ആരാലും തകർക്കാൻ പറ്റാത്തത്ര ഉയരത്തിലാണ്.
2018ലാണ് ഗായകനായ നിക്ക് ജൊനാസിനെ പ്രിയങ്ക വിവാഹം കഴിക്കുന്നത്. 2022 ജനുവരിയില്‍ ദമ്പതികൾ മകൾ മാൾട്ടി മേരിയെ വരവേറ്റു. പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും മാത്രമല്ല ഇപ്പോൾ മാൾട്ടി മേരിയും സമൂഹ മാധ്യമങ്ങളിൽ താരമാണ്.
മകളുടെ മിക്ക വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാൾട്ടിക്ക് ഒപ്പമുള്ള ഒഴിവ് സമയങ്ങളും രസകരമായ മുഹൂർത്തങ്ങളും കളിചിരികളുമൊക്കെ പ്രിയങ്ക പുറത്തുവിടുന്ന ചിത്രങ്ങളിലുണ്ടാകാറുണ്ട്. ഇപ്പോഴിതാ പ്രിയങ്ക പങ്കുവച്ച മാൾട്ടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
തന്‍റെ പിതാവിന്‍റെ ചരമ വാർഷികത്തോടനുബന്ധിച്ച് വീട്ടിൽ നടത്തിയ പൂജയ്ക്കിടെ പകർത്തിയ മകളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഇന്ത്യൻ വസ്‌ത്രത്തിലുള്ള കുഞ്ഞ് മാൾട്ടിയുടെ ചിത്രങ്ങൾ ഏവരുടെയും ഹൃദയം കവരുന്നതായി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ചിത്രങ്ങൾ പുറത്തുവിട്ടത്.
ലെഹങ്കയിലാണ് പ്രിയങ്കയുടെയും നിക്കിന്‍റെയും ലിറ്റിൽ പ്രിൻസസ് ചടങ്ങിനെത്തിയത്. ഇതാദ്യമായാണ് കുഞ്ഞ് മാൾട്ടി ഇത്തരമൊരു വസ്‌ത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാൾട്ടി മേരിയുടെ രണ്ട് ചിത്രങ്ങൾ പങ്കുവച്ച താരം വിടപറഞ്ഞ പിതാവ് പിതാവ് ഡോ. അശോക് ചോപ്രയുടെ ഓർമകളെയും സ്‌മരിക്കുന്നു.
പ്രിയങ്കയ്‌ക്ക് തന്‍റെ പിതാവിനോടുണ്ടായിരുന്ന ആത്മബന്ധവും സ്‌നേഹവുമെല്ലാം അവരുടെ പല ഇന്‍റർവ്യൂകളില്‍ നിന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും പ്രേക്ഷകർക്ക് വ്യക്തമാണ്. ഇന്ന് കാണുന്ന തന്നിലേക്കുള്ള വളർച്ചയില്‍, ശക്തയും സ്വതന്ത്രയുമായ ഒരു സ്‌ത്രീയാകാൻ തന്നെ പ്രോത്സാഹിപ്പിച്ചതില്‍ പിതാവിന്‍റെ പങ്ക് വളരെ വലുതാണെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. തന്‍റെ എല്ലാ അഭിലാഷങ്ങളെയും ആഗ്രഹങ്ങളെയും പിതാവ് പരിപൂർണമായി പിന്തുണച്ചിരുന്നതായും നടി പറഞ്ഞിരുന്നു.