ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. 'ക്വാന്‍റികോ' എന്ന ടിവി സീരീസിലൂടെ പ്രിയങ്ക ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ഓസ്‌കറിലൂടെ വീണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ് താരം.
ലോസ് ഏഞ്ചല്‍സില്‍ വെച്ച് ഓസ്‌കറിന് മുന്നോടിയായി നടന്ന ചടങ്ങില്‍ പ്രിയങ്ക പങ്കെടുത്തിരുന്നു. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രയങ്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ലോസ് ഏഞ്ചല്‍സിലെ പ്രീ ഓസ്‌കര്‍ ചടങ്ങില്‍ പ്രിയങ്കയും നിക്കും ഹോളി ആഘോഷിച്ചതും മാധ്യമ ശ്രദ്ധ നേടിയിരുന്നു.
പ്രീ ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതിന്‍റെ ഏതാനും ചിത്രങ്ങള്‍ പ്രിയങ്ക ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വെള്ള നിറമുള്ള ഔട്ട്‌ഫിറ്റില്‍ പുതിയ ഗെറ്റപ്പിലാണ് താരം ചടങ്ങളില്‍ പങ്കെടുക്കാനെത്തിയത്. പ്രിയങ്കയുടെ ഈ ഗംഭീര ഗെറ്റപ്പിനെ പ്രശംസിച്ച് നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
തിളങ്ങാൻ ദീപികയും: 2023ലെ ഓസ്‌കര്‍ അവാര്‍ഡ് വേദിയിലെ അവതാരകരില്‍ ഒരാളാണ് ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍. ഇന്ത്യയ്‌ക്ക് അഭിമാന നിമിഷമായി മാറിയ വിവരം ദീപിക സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. 2023ലെ ഓസ്‌കര്‍ അവാര്‍ഡ് വേദിയിലെ അവതാരകരുടെ പേരുകള്‍ അടങ്ങിയ ഒരു പോസ്‌റ്റിനൊപ്പമാണ് ദീപിക ഇക്കാര്യം പങ്കുവച്ചത്.
ഡ്വെയ്ൻ ജോൺസൺ, സാമുവൽ എൽ ജാക്‌സൺ, ഗ്ലെൻ ക്ലോസ്, എമിലി ബ്ലണ്ട്, ജൊനാത്തന്‍ മേജേഴ്‌സ്, മൈക്കൽ ബി ജോർദാൻ, സോ സാൽഡാന, ഡോനി യെന്‍, ജെന്നിഫർ കോനെല്ലി, ജാനെല്ലെ മോനെ, റിസ് അഹമ്മദ്, ട്രോയ് കോട്‌സുര്‍, അരിയാന ഡീബോസ്, മെലിസ മെക്കാർത്തി, ക്വസ്‌റ്റ്‌ലൗ എന്നിവരാണ് ഇക്കുറി ദീപികയ്‌ക്കൊപ്പം ഓസ്‌കര്‍ വേദിയില്‍ അവതാരകരായെത്തുന്നത്. ലോസ് ഏഞ്ചല്‍സിലെ ഡോളി തിയേറ്ററില്‍ വച്ച് മാര്‍ച്ച് 13നാണ് 95ാമത് ഓസ്‌കാര്‍ അക്കാദമി അവാര്‍ഡ് ദാനം.