വാഷിംഗ്‌ടൺ: ഭർത്താവ് നിക്ക് ജോനാസിനൊപ്പം മെറ്റ് ഗാല 2023 റെഡ് കാർപെറ്റിൽ താരമായി പ്രിയങ്ക ചോപ്ര. കറുപ്പ് നിറത്തിലുള്ള വാലന്‍റീനോ വസ്ത്രം ധരിച്ചെത്തിയ ദമ്പതികളുടെ വസ്‌ത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിലാണ് ഇന്‍റർനെറ്റിൽ തരംഗമായത്. ഇരുവരുടെയും മെറ്റ് ഗാല ലുക്കുകൾ എല്ലാക്കാലത്തും ശ്രദ്ധേയമാകാറുണ്ട്.
ഫ്രണ്ട് സ്ലിറ്റഡ് കറുപ്പ് ഓഫ് ഷോൾഡർ ഗൗണിലെത്തിയ പ്രിയങ്ക വസ്‌ത്രത്തിന്‍റെ മാറ്റ് കൂട്ടാൻ റീഗൽ ബെൽ സ്ലീവ് രീതീയിലാണ് സ്‌റ്റൈൽ ചെയ്‌തത്. കൈകൾ മുഴുവൻ മൂടിയ വെളുത്ത കയ്യുറകളും വസ്‌ത്രത്തിന് ക്ലാസിക്ക് ലുക്ക് നൽകി. കറുത്ത ലെതർ ജാക്കറ്റിൽ നിക്ക് ജൊനാസ് കൂടുതൽ സുന്ദരനായി.
2017 ലാണ് മെറ്റ് ഗാലയിലാണ് പ്രിയങ്ക തന്‍റെ മെറ്റ് ഗാല അരങ്ങേറ്റം കുറിച്ചത്. റാൽഫ് ലോറൻ ട്രെഞ്ച് കോട്ട് വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങിയ ബോളിവുഡ് ഐക്കൺ പ്രിയങ്ക അന്ന് നിക്ക് ജോനാസിനൊപ്പമാണ് മെറ്റ് ഗാലയിൽ എത്തിയത്. നിക്കിനൊപ്പമുള്ള പ്രവേശനം കോളിളക്കം സൃഷ്‌ടിച്ചപ്പോൾ, പ്രിയങ്കയുടെ ട്രെഞ്ച് കോട്ട് 2017ലെ മെറ്റ് ഗാലയുടെ സ്‌റ്റൈൽ ഐക്കൺ ആയി മാറി.
റൂബി-റെഡ് വെൽവെറ്റ് ഗൗൺ ധരിച്ചാണ് പ്രിയങ്ക 2018-ൽ മെറ്റ് ഗാലയിൽ എത്തിയത്. 2019-ൽ, ചോപ്രയുടെ മെറ്റ് ഗാല ലുക്ക് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. ഹൈ സ്ലിറ്റ് വസ്‌ത്രം സൂസൻ സോണ്ടാഗിന്‍റെ 1964 ലെ 'നോട്ട്സ് ഓൺ ക്യാമ്പ്' എന്ന ലേഖനത്തിൽ നിന്ന് പ്രചോനം ഉൾക്കൊണ്ട് ഡിയോർ ആണ് ഡിസൈൻ ചെയ്‌തത്.
ഫാഷന്‍റെ ഏറ്റവും വലിയ രാത്രി എന്ന് പരാമർശിക്കപ്പെടുന്ന മെറ്റ് ഗാല, ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്‍റെ ധനസമാഹരണ പ്രവർത്തനങ്ങളുടെ ഭാഗമായി 1948 ലാണ് ആരംഭിച്ചത്. പുതുതായി സ്ഥാപിതമായ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫാഷൻ പബ്ലിസിസ്റ്റ് എലീനർ ലാംബെർട്ട് ആണ് മെറ്റ് ഗാല പരിപാടി ആരംഭിച്ചത്.