കൊച്ചി :പ്രിയദർശൻ്റെ സംവിധാനത്തിൽ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'കൊറോണ പേപ്പേഴ്‌സി'ൻ്റെ ട്രെയിലർ പുറത്ത്. മോഹൻ ലാൽ, മഞ്ജുവാര്യര്‍, സൂര്യ, ജ്യോതിക എന്നിവർ ചേർന്നാണ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്‌തത്. ഇവരെ കൂടാതെ മലയാള സിനിമ താരങ്ങളും, നിർമ്മാതാക്കളും മറ്റനേകം പ്രമുഖരും ട്രെയിലർ റിലീസിൻ്റെ ഭാഗമായിരുന്നു. മോഹൻലാൽ കേന്ദ്ര കഥാപാത്രമായ ഇതിഹാസ ചലച്ചിത്രം 'മരക്കാർ അറബിക്കടലിന്‍റെ സിംഹ'ത്തിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കൊറോണ പേപ്പേഴ്‌സ്’.
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഷെയ്ൻ നിഗം നായകനായി എത്തുന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ സ്വീകരിക്കാറുള്ള തൻ്റെ പതിവ് കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌തമായ ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലാണ് ഷെയ്ൻ നിഗം ‘കൊറോണ പേപ്പേഴ്‌സി'ല്‍ എത്തുന്നത്. ഷെയ്നിൻ്റെ കൂടെ മത്സരിച്ചഭിനയിക്കുന്ന തരത്തില്‍ ഷൈൻ ടോം ചാക്കോയുടെയും സിദ്ദിഖിൻ്റെയും പ്രകടനവും സിനിമയുടെ ട്രെയിലറിൽ എടുത്തുകാണിക്കുന്നു.
സിദ്ദിഖിൻ്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് സിനിമയുടെ ട്രെയിലർ ആരംഭിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് വരാനിരിക്കുന്നത് എന്ന സൂചന നൽകിക്കൊണ്ടാണ് ഇത് മുന്നോട്ട് പോകുന്നത്. ട്രെയിലറിൽ മുഖ്യ കഥാപാത്രങ്ങളെ കാണിക്കുമ്പോൾ അതിൽ ഏറ്റവും എടുത്ത് കാണിക്കുന്നത് ഷെയ്ൻ നിഗമിൻ്റെ പൊലീസ് വേഷമാണ്. ഒരു റാക്കറ്റിനെ പറ്റി സംസാരിച്ച് കൊണ്ട് മുന്നോട്ടുപോകുന്ന ട്രെയിലറിൽ അടുത്തതായി കാണിക്കുന്നത് ഷൈൻ ടോം ചാക്കോയെയാണ്. ഷെയ്ൻ നിഗത്തെ പോലെ തന്നെ എന്തിനോ വേണ്ടിയുള്ള അന്വേഷണത്തിലാണ് ഷൈൻ ടോം ചാക്കോയുടെ കഥാപാത്രവും എന്ന് ട്രെയിലറിൽ കാണാം.