ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊറോണ പേപ്പേഴ്‌സ്'. ഏപ്രില്‍ ആറിനാണ് 'കൊറോണ പേപ്പേഴ്‌സ്' തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം റിലീസിനോടടുക്കുമ്പോള്‍ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണയറ പ്രവര്‍ത്തകര്‍.
സെറ്റില്‍ നില്‍ക്കുന്ന അഭിനേതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രിയദര്‍ശനെയാണ് വീഡിയോയില്‍ കാണാനാവുക. 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മേക്കിങ് വീഡിയോ ആശിര്‍വാദ് സിനിമാസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു ക്രൈം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.
ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരും മേക്കിങ് വീഡിയോ തങ്ങളുടെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണമെന്ന അടിക്കുറിപ്പോടു കൂടിയാണ് ഷെയിന്‍ നിഗം വീഡിയോ ഫേസ്‌ബുക്കില്‍ പങ്കുവച്ചത്. ഈ പ്രോജക്‌ടില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച മികച്ച അവസരമാണെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചരിത്ര സിനിമ 'മരക്കാറി'ന് ശേഷമുള്ള പ്രിയദര്‍ശന്‍ ചിത്രം കൂടിയാണ് 'കൊറോണ പേപ്പേഴ്‌സ്'. നേരത്തെ സിനിമയുടെ ട്രെയിലറും പുറത്തിറങ്ങിയിരുന്നു. സിദ്ദിഖ്, ഷെയിന്‍, ഷൈൻ ടോം ചാക്കോ എന്നിവരുടെ പ്രകടനമാണ് ട്രെയിലറില്‍ കാണാനാവുക. തൻ്റെ പതിവ് വേഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌തമായി ഒരു പൊലീസ് ഓഫിസറുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയിന്‍ നിഗം അവതരിപ്പിക്കുന്നത്.
Also Read:പേപ്പര്‍ കെട്ടുകളില്‍ ഒളിപ്പിച്ച് തോക്ക്; കൊറോണ പേപ്പേഴ്‌സ് ക്രൈം ത്രില്ലറോ? ടൈറ്റില്‍ ലുക്ക് പുറത്ത്
സിനിമയുടെ ടൈറ്റില്‍ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു കൈ തോക്ക് ഒളിപ്പിക്കാനായി അതേ ആകൃതിയില്‍ വെട്ടിയെടുത്ത കടലാസ് കെട്ടാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററില്‍. തോക്കിന്‍റെ ഒരു ചെറു ഭാഗവും പോസ്‌റ്ററില്‍ കാണാം.
ഗായത്രി ശങ്കര്‍ ആണ് സിനിമയില്‍ നായികയായെത്തുന്നത്. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയാവുന്ന ചിത്രം കൂടിയാണിത്. സിദ്ദിഖ്, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, മേനക സുരേഷ് കുമാര്‍, ശ്രീധന്യ, സന്ധ്യ ഷെട്ടി, ബിജു പപ്പന്‍, പി പി കുഞ്ഞികൃഷ്‌ണന്‍, വിജിലേഷ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് മണിയൻ പിള്ള രാജു എത്തുന്നത്. ഒരു ഗ്യാങ്‌സ്‌റ്റര്‍ ആയാണ് നടൻ ലാലിൻ്റ മകൻ ജീൻ പോൾ ലാല്‍ (ലാല്‍ ജൂനിയര്‍) എത്തുന്നത്.
ഫോര്‍ ഫ്രെയിംസിന്‍റെ ബാനറില്‍ പ്രിയദര്‍ശനാണ് നിര്‍മാണം. സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ ഗണേഷ് ആണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കുക. എം എസ് അയ്യപ്പന്‍ നായര്‍ എഡിറ്റിങ്ങും ദിവാകര്‍ എസ് മണി ഛായാഗ്രഹണവും നിര്‍വഹിക്കും. മനു ജഗത് കലാ സംവിധാനവും സമീറ സനീഷ് കോസ്‌റ്റ്യൂമും രതീഷ് വിജയന്‍ മേക്കപ്പും എം ആര്‍ രാജകൃഷ്‌ണന്‍ സൗണ്ട് ഡിസൈനും നിര്‍വഹിക്കും. രാജശേഖര്‍, രവി ത്യാഗരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി ആക്ഷന്‍ ഒരുക്കുക.
Also Read:'ഒരേ പകൽ ഓരോ നാളും പോരും...'; 'പൂക്കാല'ത്തിലെ പുതിയ ഗാനം പുറത്ത്