ഹൈദരാബാദ്: 'കെജിഎഫി'ന്‍റെ അമരക്കാരൻ പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'സലാർ: പാർട്ട് വൺ - സീസ്‌ഫയർ'. പ്രഭാസ് നായകനാകുന്ന ഈ ചിത്രത്തിൽ മലയാളികളുടെ അഭിമാന താരം പൃഥ്വിരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പൃഥ്വിരാജിന്‍റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിലുൾപ്പടെ തരംഗമാവുന്നത്.
പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത 'കെജിഎഫ്' ഫ്രാഞ്ചൈസികളുമായി 'സലാറി'നെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളും തീവ്രമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം താരതമ്യങ്ങളെ അഭിസംബോധന ചെയ്‌തിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. 'സലാറി'ന്‍റെ സ്‌കെയിൽ 'കെജിഎഫ് 2' സിനിമയെ എങ്ങനെ മറികടക്കുന്നുവെന്നാണ് താരം വ്യക്തമാക്കുന്നത്.
'കെജിഎഫു'മായുള്ള താരതമ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ പൃഥ്വിരാജ് 'സലാറി'ന്‍റെ സ്‌കെയിൽ വളരെ വലുതാണെന്നും അതിന് 'കെജിഎഫ് 2'നെ പോലും മറകടക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രഭാസ് 'ദേവ' എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ 'വരധരാജ മന്നാറാ'യാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.
'കെജിഎഫു'മായുള്ള ഏതെങ്കിലും വിധത്തിലുള്ള സമാനതകളെ പ്രാരംഭത്തിൽ തന്നെ 'സലാർ' ഫലപ്രദമായി മറികടക്കുന്നും ആദ്യ കുറച്ച് മിനിറ്റുകൾക്കുള്ളിൽ സിനിമയുടെ വ്യാപ്‌തി പ്രേക്ഷകന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്തിന്‍റെ മുൻകാല സംവിധായക സംരംഭങ്ങളേക്കാൾ വലുതും ശ്രദ്ധേയവുമായ അടുത്ത ഘട്ടത്തിലേക്കാണ് 'സലാർ' കടക്കുന്നതെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.
'ഞാനൊരു വലിയ പ്രശാന്ത് നീൽ ആരാധകനാണ്. 10 മിനിറ്റ് കൊണ്ട് ആളുകൾ സലാർ - കെജിഫ് സംബന്ധിച്ച എല്ലാ താരതമ്യങ്ങളും മറക്കും. കെജിഎഫ് 2നേക്കാൾ വലുതും ഗംഭീരവുമാണ് സലാർ'- പൃഥ്വിരാജിന്‍റെ വാക്കുകൾ ഇങ്ങനെ.