Horror thriller Kumari: ഐശ്വര്യ ലക്ഷ്‌മി നായികയായെത്തുന്ന ഏറ്റവും പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'കുമാരി'. റിലീസിനോടടുക്കുന്ന 'കുമാരി'യുടെ ഓരോ പുതിയ വിശേഷങ്ങളുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒക്‌ടോബര്‍ 28ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണിപ്പോള്‍ ഐശ്വര്യ.
Prithviraj about Kumari: പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നത്. 'കുമാരി'യുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പൃഥ്വിരാജ്. നിര്‍മാണത്തിലും ചിത്രീകരണത്തിലും മികച്ച് നില്‍ക്കുന്ന വളരെ രസകരമായ ഒരു ഹൊറര്‍ ഫാന്‍റസിയാണ് ചിത്രമെന്നും പൃഥ്വിരാജ് പറയുന്നു. താരം തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോ സന്ദേശമായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Prithviraj Facebook post: ഏതാണ്ട് ഒന്നൊന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്‍റെ സുഹൃത്തും സംവിധായകനും നിര്‍മാതാവുമായ നിര്‍മ്മല്‍ സഹദേവ് വീട്ടില്‍ വന്ന് എന്നോട് മൂന്ന് കഥകള്‍ പറയുന്നത്. അന്ന് ഞാന്‍ കേട്ട ആ മൂന്ന് കഥകളില്‍ ഇന്ന് കുമാരി എന്ന സിനിമയായി തീര്‍ന്ന ചിത്രം ചെയ്യാന്‍ നിര്‍മലിനെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് ഞാനാണ്. അങ്ങനെയൊരു നിര്‍ബന്ധത്തിന് പിന്നിലെ കാരണം കുമാരിയുടെ ടീസറില്‍ ഞാന്‍ പറഞ്ഞ വാചകം തന്നെയാണ്. അത് തന്നെയാണ് അന്ന് ആ കഥ കേട്ടിട്ട് നിര്‍മ്മലിനോട് പറഞ്ഞത്.
'എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്' എന്ന്. ഒരു പഴയ മുത്തശ്ശിക്കഥയുടെ മോഡേണ്‍ ഫിലിം അഡാപ്‌റ്റേഷന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് കുമാരി. മികച്ച രീതിയില്‍ നിര്‍മിച്ച അതിനേക്കാള്‍ മികച്ചതായി ചിത്രീകരിച്ച വളരെ രസകരമായ ഒരു ഹൊറര്‍ ഫാന്‍റസി ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമ.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ഭാഗം എന്ന നിലയില്‍ കുമാരിയുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ 28ാം തീയതി കുമാരി റിലീസാവുകയാണ്. കുടുംബ സമേതം സിനിമ കണ്ട് അനുഗ്രഹിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.- പൃഥ്വിരാജ് പറഞ്ഞു.