Kaduva release: പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു പൃഥ്വിരാജിന്‍റെ മാസ് ആക്ഷന്‍ ചിത്രം 'കടുവ'യ്‌ക്കായി. കാത്തിരിപ്പിനൊടുവില്‍ സിനിമ നാളെ(7.07.2022) തിയേറ്ററുകളില്‍ എത്തുകയാണ്. ഇക്കാര്യം പൃഥ്വിരാജ് ഉള്‍പ്പെടെ 'കടുവ'യുടെ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. എല്ലാ തടസങ്ങളും നീങ്ങി ചിത്രം നാളെ എത്തുമെന്നാണ് പൃഥ്വി ഫേസ്‌ബുക്കില്‍ കുറിച്ചത്.
Prithviraj about Kaduva: 'എല്ലാ തടസങ്ങളെയും ഭേദിച്ച് 'കടുവ' ജൂലൈ ഏഴിന് തിയേറ്ററുകളിൽ എത്തുന്നു. യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. നിങ്ങളെല്ലാവരും ഇത്രയും നാള്‍ കാത്തിരുന്നതിനും ബുക്കിങ് വൈകിയതിലും മാപ്പപേക്ഷിക്കുന്നു. നിയമ നടപടികള്‍ കൈക്കൊള്ളാന്‍ കാത്തിരിക്കേണ്ടി വന്നു. ഇനി നാടന്‍ അടി', പൃഥ്വി കുറിച്ചു.
നേരത്തെ ചില അപ്രതീക്ഷിത കാരണങ്ങളാല്‍ കടുവ റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇക്കാര്യം പൃഥ്വിരാജ് തന്നെയാണ് അറിയിച്ചിരുന്നത്. കടുവ' എന്ന സിനിമ നിലവിലെ രൂപത്തില്‍ റിലീസ് ചെയ്‌താല്‍ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാകും എന്ന് ചൂണ്ടികാട്ടി പാലാ സ്വദേശിയും പ്ലാന്‍ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സിനിമയുടെ റിലീസ് വൈകുകയായിരുന്നു. ജൂണ്‍ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ ഒടുവില്‍ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു.