മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'എമ്പുരാനാ'യുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‌ത 'ലൂസിഫറി'ന്‍റെ തുടര്‍ ഭാഗമാണ് 'എമ്പുരാന്‍'. 'എമ്പുരാന്‍റെ' ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്.
സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. 'എമ്പുരാന്' വേണ്ടി ലൊക്കേഷന്‍ കണ്ടെത്താനായി താന്‍ യുകെയില്‍ ആണെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഫേസ്‌ബുക്കിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ മൂന്ന് ദിവസമായി യുകെയിലാണെന്നും താരം ഫേസ്‌ബുക്കില്‍ കുറിച്ചു. ഒപ്പം ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. ആരാധകര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് പൃഥ്വിരാജ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
'മൂന്നാം ദിനം. യുകെ ലൊക്കോഷന്‍ വേട്ട.. #L2E എമ്പുരാന്‍, എല്ലാവര്‍ക്കും വിഷു ആശംസകള്‍!!!' -ഇപ്രകാരമാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളുമായി നിരവധി ആരാധകരും രംഗത്തെത്തി. വിഷു ആശംസകളോടെ 'എമ്പുരാന്‍' ടീമിന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മിക്ക ആരാധകരും. 'എമ്പുരാനായി കാത്തിരിക്കുന്നു..', 'ഇനിയും കാത്തിരിക്കാനാവില്ല', 'ഈ വാലിബന്‍റെ ഇടയ്‌ക്ക് തന്നെ വേണോ രാജു', തുടങ്ങി നിരവധി കമന്‍റുകളാണ് പൃഥ്വിരാജ് പങ്കുവച്ച പോസ്‌റ്റിന് ലഭിച്ചിരിക്കുന്നത്.
അതേസമയം എമ്പുരാനായുള്ള അവസാന ഒരുക്കത്തിലാണിപ്പോള്‍ പൃഥ്വിരാജ്. ഓഗസ്‌റ്റില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്‌റ്റ് 15നാണ് ചിത്രീകരണം ആരംഭിക്കുക. ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഉത്തരേന്ത്യയിലെ പ്രധാന ലൊക്കേഷനുകള്‍ ഉറപ്പിച്ചു കഴിഞ്ഞു. വിദേശത്ത് ചിത്രീകരിക്കുന്ന സീനുകള്‍ക്കായുള്ള ലൊക്കേഷന്‍ ഹണ്ടിങ്ങിലാണ് പൃഥ്വിരാജ് ഇപ്പോള്‍.