മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. ഇക്കുറി കരൺ ജോഹർ ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡിലും തിളങ്ങാന്‍ ഒരുങ്ങുന്നത്. കശ്‌മീർ തീവ്രവാദത്തെ ആസ്‌പദമാക്കിയുള്ള ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ.
കാജോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നീണ്ട 12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കാജോളും കരോണ്‍ ജോഹറും വീണ്ടും ഒന്നിക്കുന്നത് എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. കൂടാതെ നടൻ സെയ്‌ഫ് അലി ഖാന്‍റെ മകൻ ഇബ്രാഹിം ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
ഇബ്രാഹിമിന്‍റെ അഭിനയ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മറ്റൊരു ബോളിവുഡ് ചിത്രത്തിന്‍റെ തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോൾ.
അക്ഷയ് കുമാറും ടൈഗർ ഷ്റോഫും അണിനിരക്കുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന സിനിമയിലാണ് പൃഥ്വിരാജും കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താനും 'ബഡേ മിയാൻ ചോട്ടേ മിയാ'ന്‍റെ ഭാഗമാകുന്നതായി പൃഥ്വിരാജ് അറിയിച്ചത്. ഒപ്പം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും താരം പുറത്തുവിട്ടിരുന്നു.
ബോളിവുഡ് സുന്ദരി ജാൻവി കപൂർ നായികയാകുന്ന ചിത്രത്തില്‍ കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരും വർഷങ്ങളില്‍ ബോളിവുഡിന്‍റെ മുഖമായി മാറാന്‍ മലയാളികളുടെ പ്രിയ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം അമിത് തൃവേദി സംവിധാനം ചെയ്‌ത 'അയ്യ', അതുൽ സബർവാൾ ഒരുക്കിയ 'ഔറംഗസേബ്', ശിവം നായർ, നീരജ് പാണ്ഡെ എന്നിവർ ചേർന്ന് സംവിധാനം നിർവഹിച്ച 'നാം ശബാന' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലാണ് പൃഥ്വിരാജ് നേരത്തെ അഭിനയിച്ചിട്ടുള്ളത്.
കൂടാതെ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ 'സെൽഫി' എന്ന ചിത്രത്തില്‍ സഹനിർമാതാവായും പൃഥ്വിരാജ് പ്രവർത്തിച്ചിരുന്നു. കരൺ ജോഹറായിരുന്നു ഈ ചിത്രത്തിന്‍റെ മറ്റൊരു നിർമാതാവ്. ഇപ്പോഴിതാ കരൺ ജോഹർ തന്നെ പൃഥ്വിയെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതിന് കോപ്പുകൂട്ടുകയാണ്.
'കാപ്പ'യാണ് മലയാളത്തില്‍ പൃഥ്വിയുടേതായി ഏറ്റവുമൊടുവില്‍ പ്രദർശനത്തിനെത്തിയ സിനിമ. 'കടുവ'യ്‌ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിച്ച സിനിമക്കായി തിരക്കഥ ഒരുക്കിയത് ഇന്ദുഗോപന്‍ ആണ്. ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയനും നിര്‍മ്മാണ പങ്കാളിത്തമുള്ള ഈ ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
കൈനിറയെ സിനിമകളുമായി സിനിമാസ്വദകരെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ് പൃഥ്വിരാജ്. 'ആടുജീവിതം, സലാർ, വിലായത്ത് ബുദ്ധ' തുടങ്ങിയ ചിത്രങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 'ആടുജീവിത' ത്തിനായി പൃഥ്വി ശരീരത്തില്‍ വരുത്തിയ രൂപമാറ്റങ്ങൾ ചർച്ചയായിരുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തി, മെലിഞ്ഞുണങ്ങി അസ്ഥിപരുവമായ പൃഥ്വിരാജിന്‍റെ രൂപം കണ്ട് പ്രേക്ഷകര്‍ അന്തംവിട്ടിരിക്കുകയാണ്.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. മോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമായ ഈ ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷൻ ജോലികൾ ഏറെക്കുറെ പൂർത്തിയായതായി പൃഥ്വിരാജ് അടുത്തിടെ വ്യക്‌തമാക്കിയിരുന്നു.
READ MORE:ജടപിടിച്ച മുടി, മെലിഞ്ഞുണങ്ങി അസ്ഥിപരുവമായ രൂപം ; ഇത് പൃഥ്വിരാജ് തന്നെയോയെന്ന് ആരാധകര്‍