പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കാപ്പ' ഡിസംബര്‍ 22ന് ക്രിസ്‌മസ് റിലീസായി തിയേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. 'കടുവ'യ്‌ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് 'കാപ്പ'. ക്വട്ടേഷന്‍ ടീമുകളുടെയും ഗുണ്ടകളുടെയും കഥ പറയുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
അപര്‍ണ ബാലമുരളിയാണ് സിനിമയില്‍ നായികയായെത്തുന്നത്. പൃഥ്വിരാജിനൊപ്പം ഇതാദ്യമായാണ് അപര്‍ണ ഒന്നിക്കുന്നത്. ആസിഫ് അലി, അന്ന ബെന്‍ എന്നിവരും 'കാപ്പ'യില്‍ സുപ്രധാന വേഷങ്ങളിലെത്തും. തിരുവനന്തപുരമാണ് 'കാപ്പ'യുടെ പ്രധാന ലൊക്കേഷന്‍.
ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയന്‍റെ സഹകരണത്തില്‍ ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റേഴ്‌സ് ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് 'കാപ്പ' തിയേറ്ററുകളില്‍ എത്തിക്കുന്നത്.
Also Read:എല്ലാ വികാരങ്ങളെയും കോര്‍ത്തിണക്കി ആന്തോളജി ചിത്രം മീറ്റ് ക്യൂട്ട്; ടീസര്‍ പുറത്ത്
ഇന്ദുഗോപന്‍റെ പ്രശസ്‌ത നോവലായ ശംഖുമുഖിയെ അടിസ്ഥാനമാക്കിയാണ് 'കാപ്പ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും. ജോമോണ്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജസ്‌റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം.