സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജ് Prithviraj ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. ഇടുക്കിയിലെ മറയൂരില്‍ 'വിലായത്ത് ബുദ്ധ' Vilayath Budha എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്‍റെ വലത് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് താരത്തെ കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്‌ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
ഡോ.ജേക്കബ് വര്‍ഗീസിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. 'വിലായത്ത് ബുദ്ധ'യില്‍ ബസിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍, ചാടി ഇറങ്ങുന്നതിനിടെയാണ് പൃഥ്വിരാജിന് കാലിന് പരിക്കേറ്റത്. തനിക്ക് കുറച്ചുനാള്‍ വിശ്രമവും ഫിസിയോ തെറാപ്പിയും ആവശ്യമാണെന്ന് അറിയിച്ച് താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
തന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഠിന പരിശ്രമം നടത്തുമെന്നും പൃഥ്വിരാജ് പ്രേക്ഷകരെ അറിയിച്ചിരുന്നു. 'അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ എനിക്കൊരു അപകടം സംഭവിച്ചു. ഏറ്റവും വിദഗ്‌ധരായ ഡോക്‌ടര്‍മാരുടെ ചികിത്സയില്‍ ഞാനിപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്.
കുറച്ച് മാസത്തേയ്‌ക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കും. വേദനയില്‍ നിന്ന് മുക്‌തി നേടി എത്രയും വേഗം പൂര്‍ണമായി സുഖം പ്രാപിക്കാനും എന്‍റെ പ്രവര്‍ത്തനങ്ങളിലേയ്ക്ക് മടങ്ങി വരാനുമായി ഞാന്‍ പരിശ്രമിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. ഓടി എത്തുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്‌ത എല്ലാവര്‍ക്കും നന്ദി' - പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'വിലായത്ത് ബുദ്ധ'യുടെ അവസാനഘട്ട ചിത്രീകരണം ഇടുക്കിയിലെ മറയൂരില്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഹൈറേഞ്ചിലും കാട്ടിലുമായി നടക്കുന്ന ആക്ഷന്‍ സീക്വന്‍സുകളാണ് സിനിമയുടെ ഹൈലൈറ്റ്.