വിവാഹപ്രായം എത്തിയിട്ടും പല കാരണങ്ങളാൽ കല്യാണം കഴിക്കാനാകാതെ വിഷമിക്കുന്നവർക്കായി ഒരു പുതിയ സിനിമ എത്തുന്നു. പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന 'വയസ്സെത്രയായി? മുപ്പത്തി...' എന്ന ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്. സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ പുറത്തുവന്നതോടെ ഏറെ ആവേശത്തിലാണ് സിനിമാസ്വാദകർ.
കൗതുകമുണർത്തുന്ന, വ്യത്യസ്‌തമായ ടൈറ്റിലുമായി എത്തുന്ന ഈ ചിത്രത്തിൽ പ്രശാന്ത് മുരളിയാണ് നായകനാകുന്നത്. 'കിംഗ് ഓഫ് കൊത്ത, ജാൻ എ മൻ, അജഗജാന്തരം, ജല്ലിക്കെട്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ പ്രശാന്ത് മുരളി നായകനാകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'വയസ്സെത്രയായി? മുപ്പത്തി...'ക്ക്. മുപ്പത്തിയേഴ് വയസായിട്ടും വിവാഹം നടക്കാത്ത ബ്രിഗേഷ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതമാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്.
മെറീന മൈക്കിളും പ്രധാന വേഷത്തിലുള്ള ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് ഷിജു യു സി - ഫൈസൽ അബ്‌ദുള്ള എന്നിവർ ചേർന്നാണ്. ഉത്തര മലബാറിലെ ഗ്രാമീണാന്തരീക്ഷം പശ്ചാത്തലമാക്കിക്കൊണ്ട് നിർമിച്ചിരിക്കുന്ന 'വയസ്സെത്രയായി? മുപ്പത്തി...' ചിത്രം 'മെയ്‌ഡ് ഇൻ വടകര' എന്ന ടാഗ്‌ലൈനുമായാണ് എത്തുന്നത്. മഞ്ജു പത്രോസ്, ജയകുമാർ, സാവിത്രി ശ്രീധരൻ, അരിസ്റ്റോ സുരേഷ്, രമ്യ സുരേഷ്, ചിത്ര നായർ, ഉണ്ണിരാജ, പ്രദീപ് ബാലൻ, നിർമൽ പാലാഴി, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, മുഹമ്മദ് എരവട്ടൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.