ബോക്‌സ് ഓഫിസിൽ ചരിത്ര വിജയം നേടിക്കൊണ്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് 'സലാർ പാർട്ട് 1- സീസ്‌ഫയർ'. ബ്രഹ്മാണ്ഡ ചിത്രങ്ങളായ 'കെജിഎഫ്' ഫ്രാഞ്ചൈസി ഒരുക്കിയ പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത 'സലാറി'ൽ പ്രഭാസും മലയാളികളുടെ പ്രിയ താരം പൃഥ്വിരാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്.
'സലാറി'ലെ 'ഗെലേയ' (കന്നഡ) എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സൗഹൃദം പ്രമേയമാകുന്ന ഗാനത്തിന്‍റെ മലയാളം, തെലുഗു, തമിഴ്, ഹിന്ദി വേർഷനുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിൽ 'വരമായ്...' എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധ നേടുകയാണ്.
തിയേറ്ററുകളിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഈ മെലഡി ട്രാക്ക് പുറത്തുവന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. ഹോംബാലെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം മ്യൂസിക് ട്രെന്‍റിംഗ് ചാർട്ടുകളിൽ ആധിപത്യം സ്ഥാപിക്കുമെന്ന് ഉറപ്പാണ്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ഗാനം 4.2 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ നേടിക്കഴിഞ്ഞു.
ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിർമിച്ച 'സലാർ' പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത്. ശ്രുതി ഹാസനാണ് ഈ ചിത്രത്തിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡി എന്നിവരും 'സലാറി'ൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.