ഹൈദരാബാദ്: തെലുഗു സൂപ്പർ സ്‌റ്റാർ പ്രഭാസിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് 'സലാർ'. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബ്രഹ്മാണ്ഡ ചിത്രങ്ങളായ 'കെജിഎഫ്', 'കെജിഎഫ്-2' ഒരുക്കിയ പ്രശാന്ത് നീൽ 'ബാഹുബലി' താരവുമായി ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്.
അതുകൊണ്ടുതന്നെ അക്ഷമരായ പ്രഭാസ് ആരാധകർ 'സലാർ' അപ്‌ഡേറ്റുകൾക്കായി അണിയറ പ്രവർത്തകരുടെ പിന്നാലെയാണ്. എന്നാൽ ആരാധകരുടെ ഈ അക്ഷമ അവർ ഉദ്ദേശിക്കാത്ത അനന്തരഫലങ്ങളാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്.
സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായുള്ള നിരന്തര സമ്മർദത്തെ തുടർന്ന് സംവിധായകൻ പ്രശാന്ത് നീലും നിർമാതാവ് വിജയ് കിരഗന്ദൂരും അവരുടെ ട്വിറ്റർ അക്കൗണ്ടുകൾ പ്രവർത്തന രഹിതമാക്കിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പ്രഭാസിന്‍റെ ആരാധകരിൽ നിന്നുള്ള സമ്മർദമാണ് സംവിധായകനെയും നിർമാതാവിനെയും സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കാൻ പ്രേരിപ്പിച്ചതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ:'അയാളെക്കുറിച്ച് ഉചിതമായ സമയത്ത് വെളിപ്പെടുത്തും'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ്
സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾ നിർമാതാക്കൾ പൊതുവെ പങ്കുവയ്‌ക്കാറുണ്ടെങ്കിലും ആരാധകർ അതിൽ തൃപ്‌തരായിരുന്നില്ല. അടുത്തിടെ 'സലാറി'ന്‍റെ റിലീസ് തീയതി മാറ്റിവച്ചെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ അത്തരം വാർത്തകൾ നിഷേധിച്ച 'സലാർ' ടീം നേരത്തെ നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബർ 28ന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും വ്യക്തമാക്കി.