കേരളം

kerala

ETV Bharat / entertainment

'സലാര്‍ അപ്ഡേറ്റ് പുറത്തുവിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യും' ; ഭീഷണിയുമായി പ്രഭാസ് ആരാധകന്‍ - പ്രശാന്ത് നീല്‍

പ്രഭാസിന്‍റെ രണ്ട് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന്‍റെ നിരാശയിലാണ് ആരാധകര്‍

prabhas fan suicide letter  prabhas salaar movie  kgf director  salaar movie update  പ്രഭാസ് ആരാധകന്‍  പ്രഭാസ് സലാര്‍  പ്രശാന്ത് നീല്‍  പ്രഭാസ് ആരാധകന്‍ ആത്മഹത്യ കുറിപ്പ്
സലാര്‍ അപ്ഡേറ്റ് പുറത്തുവിട്ടില്ലെങ്കില്‍ മരിക്കും, ആത്‌മഹത്യ ഭീഷണിയുമായി പ്രഭാസ് ആരാധകന്‍

By

Published : May 16, 2022, 6:08 PM IST

തെന്നിന്ത്യന്‍ സിനിമയില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് പ്രഭാസ്. തെലുങ്കിലെ സാധാരണ നടന്‍ മാത്രമായിരുന്ന പ്രഭാസിന് ബാഹുബലി സീരീസിന്‍റെ വന്‍വിജയത്തോടെയാണ് താരമൂല്യം കൂടിയത്. എന്നാല്‍ ബാഹുബലിക്ക് ശേഷം നടന്‍റെ കരിയറില്‍ വിജയ ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ല.

ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രങ്ങളായ സാഹോ, രാധേശ്യാം എന്നീ രണ്ട് സിനിമകളും ബോക്സോഫിസില്‍ വലിയ പരാജയമായി മാറി. കോടിക്കണക്കിന് രൂപ മുടക്കിയ നിര്‍മാതാക്കള്‍ക്ക് പ്രഭാസ് സിനിമകളുടെ പരാജയം വലിയ നഷ്‌ടമുണ്ടാക്കി.

അടുത്തിടെ രാധേശ്യാം എന്ന ചിത്രത്തിന് ലഭിച്ച സമ്മിശ്ര പ്രതികരണത്തില്‍ മനംനൊന്ത് പ്രഭാസിന്‍റെ ഒരു ആരാധകന്‍ ആത്‌മഹത്യ ചെയ്‌തിരുന്നു. തെലുങ്ക് സൂപ്പര്‍ താരത്തിന്‍റേതായി ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് സലാര്‍.

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനും സലാറില്‍ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്മേല്‍ മലയാളി പ്രേക്ഷകരുടെയും പ്രതീക്ഷകള്‍ ഇരട്ടിപ്പിച്ചത്.

സലാര്‍ അണിയറയില്‍ ഒരുങ്ങവേ പ്രഭാസ് ആരാധകന്‍റെതായി വന്ന ഒരു ആത്മഹത്യാ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സലാറിനെ കുറിച്ചുളള പുതിയ വിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കില്‍ ആത്‌മഹത്യ ചെയ്യുമെന്നാണ് ആരാധകന്‍റെ ഭീഷണി.

"സലാറിന്‍റെ വീഡിയോ അപ്ഡേറ്റ് ഉടന്‍ പുറത്തുവിടുമെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍ പറഞ്ഞിട്ട് ഒരു മാസത്തിലേറെയായി, എന്നാല്‍ മെയ് രണ്ടാം വാരം കഴിഞ്ഞിട്ടും പ്രശാന്ത് നീലോ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസോ ഒരു അപ്ഡേറ്റും നല്‍കിയില്ല.

ഞങ്ങള്‍ പ്രഭാസ് ആരാധകര്‍ ഇപ്പോള്‍ വലിയ നിരാശയിലാണ്. കാരണം ഇതുപോലെ സമാനമായ സംഭവം പ്രഭാസിന്‍റെ മുന്‍ചിത്രങ്ങളായ സാഹോയുടെയും രാധേ ശ്യാമിന്‍റെയും സമയത്തും നടന്നു. പ്രഭാസിന്‍റെ കഴിഞ്ഞ രണ്ട് ചിത്രങ്ങള്‍ക്ക് സംഭവിച്ചത് പോലെ തന്നെ സലാറിനും സംഭവിക്കുമെന്ന് ഞങ്ങള്‍ പേടിക്കുന്നു.

ഈ കത്ത് ലഭിച്ച് കഴിഞ്ഞിട്ടും പ്രശ്‌നത്തെ നിങ്ങള്‍ കാര്യമായിട്ട് എടുക്കുന്നില്ലെങ്കില്‍, ഈ മാസം സലാറിന്‍റെ വീഡിയോ അപ്‌ഡേറ്റ് ലഭിച്ചില്ലെങ്കില്‍ ഞാന്‍ ഉറപ്പായും ആത്മഹത്യ ചെയ്യും - ആരാധകന്‍ കുറിച്ചു.

അതേസമയം സലാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ലാണ് പ്രഭാസ് ചിത്രം ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ എത്തുന്നത്. ശ്രുതി ഹാസന്‍, ദിഷ പഠാനി, ജഗപതി ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. സലാറിന് ശേഷമാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫ് മൂന്നാം ഭാഗം ആരംഭിക്കുക.

ABOUT THE AUTHOR

...view details