പത്മരാജൻ കഥയെ ആസ്‌പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'പ്രാവ്' (Praavu Movie). തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്. ഇതിനിടെ 'പ്രാവി'ലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ എംഎൽഎയും പ്രമുഖ രാഷ്‌ട്രീയ പ്രവർത്തകയുമായ ഷാനിമോൾ ഉസ്‌മാൻ (Shanimol Usman Applauds Praavu Movie).
നീണ്ട 35 വർഷങ്ങൾക്ക് ശേഷം താൻ തിയേറ്ററിൽ കണ്ട ചിത്രമാണ് 'പ്രാവ്' എന്നും യുഗപ്രതിഭയായ പത്മരാജന്‍റെ തൂലികയിൽ നിന്നും പിറവികൊണ്ട കഥ എന്ന നിലയിൽത്തന്നെ ഈ ചലച്ചിത്രം മലയാളം ഏറ്റടുത്തിരിക്കുന്നു എന്നും ഷാനിമോൾ ഉസ്‌മാൻ കുറിച്ചു. പവിത്രമായ പ്രണയവും മദ്യത്തിന്‍റെ മധ്യസ്ഥതയിലുള്ള പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങളും ഈ ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ അഭിനേതാക്കളും മികച്ച പ്രകടനാണ് കാഴ്‌ചവച്ചതെന്നും മുൻ എംഎൽഎ അഭിനന്ദന കുറിപ്പിൽ പറയുന്നു.
എഴുതുന്ന കാലത്തിനേക്കാൾ വായിക്കുന്ന കാലഘട്ടത്തിലാണ് കഥയുടെ പ്രസക്തി എന്ന് ബോധ്യപ്പെടുത്തിയ സംവിധായകൻ നവാസ് അലിയെയും ഷാനിമോൾ ഉസ്‌മാൻ അഭിനന്ദിക്കുന്നുണ്ട്. ആ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാരും കലാകേരളത്തിൽ മുതൽക്കൂട്ടാണെന്നും ഷാനിമോൾ ഉസ്‌മാൻ കുറിച്ചു.
അമിത് ചക്കാലക്കൽ, ആദർശ് രാജ, യാമി സോന, മനോജ് കെയു, സാബുമോൻ, തകഴി രാജശേഖരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പ്രാവ്' നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളും പ്രശംസയുമാണ് ഏറ്റുവാങ്ങുന്നത് (Praavu Movie Getting Good Response). കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.