ഇതിഹാസ സംവിധായകന്‍ മണിരത്‌നത്തിൻ്റെ പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തിന് വലിയ വരവേല്‍പ്പാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ബോക്‌സോഫിസില്‍ 400 കോടിയിലധികം കലക്ഷന്‍ നേടുകയും തമിഴ്‌നാട്ടില്‍ ഇന്‍ഡസ്‌ട്രി ഹിറ്റായി മാറുകയും ചെയ്‌തിരുന്നു സിനിമ. ആദ്യ ഭാഗത്തിന്‍റെ വന്‍വിജയത്തിന് പിന്നാലെ അടുത്തിടെയാണ് ബിഗ് ബജറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് ഡേറ്റ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്.
റിലീസ് അടുക്കവേ സിനിമയുടെതായി ഇറങ്ങിയ ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. പൊന്നിയിന്‍ സെല്‍വന്‍ താരങ്ങൾ സിനിമയുടെ ഇതിവൃത്തം ചർച്ച ചെയ്യുന്നതും ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൻ്റെ ചില ഭാഗങ്ങളും ഉൾപ്പെടുന്നതാണ് വീഡിയോ. "നിങ്ങൾ ഇതുവരെ കാണാത്ത ഒന്നിന് സാക്ഷ്യം വഹിക്കും", പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയിലെ വന്തിയദേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് നടൻ കാർത്തി വീഡിയോയിൽ പറഞ്ഞു.
പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിൻ്റെ ഇതിവൃത്തം ചർച്ച ചെയ്യവേ തൻ്റെ കഥാപാത്രമായ പൊന്നിയിൻ സെൽവൻ മരിച്ചുപോയേക്കാമെന്ന് സൂചിപ്പിച്ച് ജയം രവി പ്രേക്ഷകരിൽ ആശങ്ക സൃഷ്‌ടിച്ചു. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലില്‍ വീഡിയോ വന്നിട്ടുണ്ട്. അതേസമയം പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം 2023 ഏപ്രിൽ 28 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.