പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തിന്‍റെ വന്‍വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തിനായി വലിയ ആകാംഷകളോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മണിരത്‌നത്തിന്‍റെ ഡ്രീം പ്രോജക്‌ടായ ബ്രഹ്മാണ്ഡ ചിത്രം തമിഴില്‍ ഇന്‍ഡസ്‌ട്രി ഹിറ്റായി മാറിയിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയ സിനിമ 400 കോടിയിലധികം കലക്ഷനാണ് ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ നിന്നായി നേടിയത്.
കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ വിഖ്യാത നോവലിനെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തില്‍ തെന്നിന്ത്യയിലെയും ബോളിവുഡിലെയും വലിയ താരനിരയാണ് അണിനിരന്നത്. വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, ഐശ്വര്യ റായ്, തൃഷ, ശോഭിത ധുലിപാല, ശരത് കുമാര്‍, പാര്‍ഥിപന്‍, റഹ്‌മാന്‍, പ്രഭു, വിക്രം പ്രഭു, പ്രകാശ് രാജ്, ലാല്‍ ഉള്‍പ്പെടെയുളള ശ്രദ്ധേയ താരങ്ങള്‍ പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തില്‍ അഭിനയിച്ചു.
സിനിമയില്‍ അഭിനയിച്ച മിക്ക താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്‌ചവച്ചത്. മണിരത്നത്തിന്‍റെ സംവിധാനത്തിനൊപ്പം എആര്‍ റഹ്മാന്‍റെ സംഗീതവും, രവി വര്‍മന്‍റെ ഛായാഗ്രഹണവുമെല്ലാം സിനിമയില്‍ മികച്ചുനിന്നു. കമല്‍ഹാസന്‍റെ നരേഷനിലാണ് പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളം പതിപ്പില്‍ മമ്മൂട്ടിയും ബിഗ് ബജറ്റ് സിനിമ അവതരിപ്പിച്ചു.
മണിരത്‌നത്തിന്‍റെ മദ്രാസ് ടാക്കീസും സുഭാസ്‌കരന്‍ അല്ലിരാജായുടെ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. ക്ലൈമാക്‌സില്‍ രണ്ടാം ഭാഗത്തെകുറിച്ച് അറിയിച്ചുകൊണ്ടാണ് പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം അവസാനിച്ചത്. കാത്തിരിപ്പിനൊടുവില്‍ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എപ്രില്‍ 28ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.