തിരുവനന്തപുരം : ദിലീപും തെന്നിന്ത്യന്‍ താരസുന്ദരി തമന്നയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം 'ബാന്ദ്ര'ക്കെതിരെ നെഗറ്റീവ് റിവ്യൂ നല്‍കിയ യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയില്‍. യൂട്യൂബര്‍മാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ളോഗ്‌സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്‌സ്, സായ് കൃഷ്‌ണ എന്നീ ഏഴ് പേര്‍ക്കെതിരെയാണ് പരാതി. അജിത് വിനായക ഫിലിംസാണ് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
റിലീസിന് പിന്നാലെ ചിത്രത്തെ കുറിച്ച് നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. യൂട്യൂബര്‍മാര്‍ കമ്പനിക്ക് നഷ്‌ടമുണ്ടാകുന്ന തരത്തില്‍ നെഗറ്റീവ് ക്യാമ്പയിന്‍ നല്‍കിയെന്നും ഇവര്‍ക്കെതിരെ നിയമ നടപടി വേണമെന്നും അജിത് വിനായക ഫിലിംസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ സിനിമയെ കുറിച്ച് വ്യാജ പ്രചരണം നടത്തുന്ന യൂട്യൂബർമാർക്കെതിരെ കേസെടുക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അരുണ്‍ ഗോപിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 'ബാന്ദ്ര' നവംബര്‍ 10നാണ് തിയേറ്ററുകളില്‍ എത്തിയത്. 'രാമലീല' എന്ന ബോക്‌സോഫിസ് ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി- ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ബാന്ദ്ര. ബോളിവുഡ് നടി തമന്നയും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ്.