മലയാളത്തില്‍ വീണ്ടും സീരീസുമായി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ എത്തുന്നു. 'കേരള ക്രൈം ഫയൽസ്', 'മാസ്റ്റർപീസ്' എന്നിവയ്‌ക്ക് പിന്നാലെ 'പേരില്ലൂർ പ്രീമിയർ ലീഗ്' എന്ന മലയാളത്തിലെ തങ്ങളുടെ മൂന്നാമത്തെ സീരീസുമായാണ് ഹോട്ട്സ്റ്റാര്‍ എത്തുന്നത്. പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സീരീസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
നേരത്തെ പുറത്തുവന്ന രണ്ട് സീരീസുകളുടെയും ആദ്യ സീസണുകള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ സീരീസിന്‍റെ പ്രഖ്യാപനം ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. നിഖില വിമൽ ആണ് 'പേരില്ലൂർ പ്രീമിയർ ലീഗി'ൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ഒപ്പം സണ്ണി വെയ്‌ൻ, വിജയരാഘവൻ, അശോകൻ, അജു വര്‍ഗീസ് തുടങ്ങി നിരവധി ജനപ്രിയ താരങ്ങളും ഈ സീരീസിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു.
'പേരില്ലൂർ' എന്ന കൊച്ച് ഗ്രാമത്തിലെ സാധാരണക്കാരുടെ കഥയാണ് ഈ സീരീസ് പറയുന്നത്. അപ്രതീക്ഷിതമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച്, പ്രസിഡന്‍റാകുന്ന മാളവികയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. നിഖില വിമലാണ് മാളവികയെ അവതരിപ്പിക്കുന്നത്. പേരില്ലൂർ ഗ്രാമത്തിലെ അസാധാരണ സംഭവങ്ങൾ നർമത്തിന്‍റെ രസച്ചരടിൽ കോർത്തിണക്കി ഒരുക്കുന്ന സീരീസ് കാണികൾക്ക് ചിരിയുടെ മാലപ്പടക്കം തന്നെ സമ്മാനിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.
ഇ 4 എന്‍റര്‍ടെയിൻമെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആർ മേത്തയും സിവി സാരഥിയും ചേർന്നാണ് പേരില്ലൂർ പ്രീമിയർ ലീഗിന്‍റെ നിർമാണം. ദീപു പ്രദീപ് ആണ് രചന നിർവഹിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, പത്മിനി എന്നീ സിനിമകളുടെ രചനയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ എഴുത്തുകാരനാണ് ദീപു പ്രദീപ്. അനൂപ് വി ശൈലജയും അമീലും ചേര്‍ന്ന് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭവന്‍ ശ്രീകുമാര്‍ ആണ്. മുജീബ് മജീദാണ് സംഗീത സംവിധാനം.
അതേസമയം നിത്യ മേനനും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മാസ്റ്റര്‍പീസ്' ഒക്‌ടോബർ 25നാണ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൽ സ്‌ട്രീമിങ് ആരംഭിച്ചത് (Sharaf U Dheen Nithya Menen Starrer Masterpiece). 'ബ്രോ ഡാഡി' എന്ന ചിത്രത്തിന്‍റെ എഴുത്തുകാരനും 'ഒരു തെക്കൻ തല്ലുകേസ്' എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എന്‍ ആണ് 'മാസ്റ്റര്‍ പീസിന്‍റെ' സംവിധായകൻ.
READ ALSO:Masterpiece Streaming Started : ഫാമിലി ഫണ്‍ റൈഡ് തുടങ്ങി; 'മാസ്റ്റര്‍പീസ്' സ്‌ട്രീമിങ് ആരംഭിച്ചു
മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരീസ് കാണാനാകും. രഞ്ജി പണിക്കർ, മാല പാർവതി, ശാന്തി കൃഷ്‌ണ, അശോകൻ എന്നിവരാണ് ഈ സീരീസിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ ആയിരുന്നു 'കേരള ക്രൈം ഫയല്‍സ്' ഹോട്സ്റ്റാറിൽ പ്രദർശനം ആരംഭിച്ചത്. അഹമ്മദ് കബീര്‍ സംവിധാനം ചെയ്‌ത 'ക്രൈം ഫയല്‍സ്' കുറ്റാന്വേഷണ കഥകൾ ആസ്‌പദമാക്കിയാണ് ഒരുക്കിയത്.