തിരുവനന്തപുരം: 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രം യുവാക്കൾക്ക് വേണ്ടിയുള്ളതാണെന്ന് സംവിധായകൻ വിനയൻ. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം മാത്രം പറയുന്ന സിനിമയല്ല ഇത്.
'പത്തൊൻപതാം നൂറ്റാണ്ട്' ഓഡിയോ ലോഞ്ച്; യുവാക്കൾക്കായി ഒരുക്കിയ ചിത്രമെന്ന് സംവിധായകൻ വിനയൻ സാമൂഹിക പരിഷ്‌കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യമായാണ് താൻ ഇത്തരമൊരു ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഭാഗമാകുന്നതെന്ന് നായകൻ സിജു വിൽസൺ പറഞ്ഞു.
താൻ ഭാഗമാകുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് തിരുവന്തപുരത്ത് നടക്കുന്നത് ആദ്യമായാണ്. രണ്ട് വർഷത്തോളം അണിയറ പ്രവർത്തകർ കഷ്‌ടപ്പെട്ട് ഒരുക്കിയ ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട്'. എല്ലാവരും ചിത്രം തീയറ്ററിൽ തന്നെ കാണണമെന്നും സിജു വിൽസൺ പറഞ്ഞു.
ചടങ്ങിൽ താരങ്ങളായ അലൻസിയർ, സുരേഷ് കൃഷ്‌ണ , ടിനി ടോം, രേണു സൗന്ദർ, ദീപ്‌തി സതി, സുദേവ് നായർ, നിർമാതാവ് ഗോകുലം ഗോപാലൻ എന്നിവർ പങ്കെടുത്തു. ചിത്രം തിരുവോണ ദിവസം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിൽ ഷാജികുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.