മുംബൈ : ബോളിവുഡിന്‍റെ കിങ് ഖാനും താരറാണി ദീപിക പദുകോണും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പഠാന്‍റെ ബോക്‌സോഫിസ് തേരോട്ടം തുടരുന്നു. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ചിത്രം ലോകമെമ്പാടുനിന്നും 981 കോടി രൂപ കലക്ഷന്‍ നേടിയതായി നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് അറിയിച്ചു. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവുമധികം കലക്ഷന്‍ നേടുന്ന ഹിന്ദി ചിത്രമായി പഠാന്‍ മാറി.
അതേസമയം ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ ദംഗല്‍ നേടിയ 1000 കോടിയിലധികം കലക്ഷനിലേക്ക് പഠാന്‍ മുന്നേറുകയാണെന്ന സൂചനകളാണ് പ്രൊഡക്ഷന്‍ ഹൗസ് നല്‍കുന്നത്. എന്നാല്‍ യഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ സ്‌പൈ ജോണറില്‍ പുറത്തിറങ്ങിയ ഒരു ചിത്രം നേടിയ ഏറ്റവും കൂടുതല്‍ കലക്ഷന്‍ പഠാന്‍ സ്വന്തമാക്കിക്കഴിഞ്ഞു. മാത്രമല്ല ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ കലക്ഷന്‍ കൊണ്ട് മുന്നേറിയ കെജിഎഫ് 2, ബാഹുബലി 2 ചിത്രങ്ങളുടെ നിരയിലേക്കും ഷാരൂഖിന്‍റെ പഠാന്‍ ഇടം പിടിച്ചിട്ടുണ്ട്.
കണ്ടത് 'ഖാന്‍'മാരുടെ അഴിഞ്ഞാട്ടം: കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകള്‍ക്കൊപ്പം കയ്യടിപ്പിക്കുന്ന ഡയലോഗുകളുമാണ് പഠാന് പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്. ടൈഗര്‍ എന്ന വേഷത്തിലുള്ള സൂപ്പര്‍ സ്‌റ്റാര്‍ സല്‍മാന്‍ ഖാന്‍റെ അതിഥി വേഷവും ചിത്രത്തെ വിജയമാക്കി. നീണ്ടനാളുകള്‍ക്ക് ശേഷം ബോളിവുഡിന്‍റെ ഖാന്‍മാര്‍ സ്‌ക്രീനില്‍ ഒന്നിച്ചെത്തിയതും ആരാധകരെ സംബന്ധിച്ച് ആരവത്തിനുള്ള വകയായി. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിലെ ടൈമിങും കെമിസ്‌ട്രിയും പഠാനെ വേറിട്ടതാക്കി. ഇതോടെ ജനം തിയേറ്ററുകളിലേക്ക് ഒഴുകി.
ഹീറോ ഈസ് ബാക്ക്:ചിത്രം ദിവസംതോറും സര്‍വകാല റെക്കോര്‍ഡുകളും സ്വന്തം റെക്കോഡുകളും ഭേദിച്ച് മുന്നേറിയതോടെ ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് പഠാന്‍റെ അണിയറപ്രവര്‍ത്തകര്‍ വിജയം വിളംബരം ചെയ്‌തുകൊണ്ടുള്ള പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ചിത്രത്തിനും തനിക്കും സമൃദ്ധമായി സ്‌നേഹമൂട്ടിയ ആരാധകര്‍ക്ക് ഷാരൂഖ് ഖാന്‍ നന്ദി അറിയിച്ചു. പഠാന്‍ പോലുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ഭാഗമാകാന്‍ അവസരം നല്‍കിയ ആദിത്യ ചോപ്രയ്‌ക്കും സിദ്ധാര്‍ഥിനും പ്രത്യേകം നന്ദിയറിയിച്ച അദ്ദേഹം വിജയവഴിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും മനസുതുറന്നിരുന്നു.
ഇനിയും ആളുകയറും: എന്നാല്‍ കലക്ഷന്‍ കൊണ്ട് മുന്നേറുന്ന പഠാന്‍റെ എല്ലാ ഷോകളുടെയും ടിക്കറ്റ് നിരക്ക് കഴിഞ്ഞ ദിവസം 110 രൂപയായി നിര്‍മാതാക്കള്‍ കുറച്ചിരുന്നു. നിരക്ക് കുറച്ചതിനൊപ്പം തിയേറ്ററുകളില്‍ കാണികള്‍ക്ക് പോപ്‌കോണും സൗജന്യമാക്കാനാകുമോ എന്ന് ഷാരൂഖ് ഖാന്‍ നിര്‍മാതാക്കളോട് ട്വിറ്ററില്‍ പ്രതികരിച്ചു. ട്വിറ്ററില്‍ ഒരു ആരാധകനുമായി സംവദിക്കുന്നതിനിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. അതേസമയം കാര്‍ത്തിക് ആര്യന്‍റെ 'ഷെഹ്‌സാദ' തിയേറ്ററുകളിലെത്തിയ ദിവസമാണ് പഠാന്‍റെ ടിക്കറ്റ് നിരക്ക് കുറയ്‌ക്കാനുള്ള അണിയറപ്രവര്‍ത്തകരുടെ തീരുമാനമെന്നതും ഏറെ ശ്രദ്ധേയമാണ്.