മുംബൈ : മുൻകൂർ ബുക്കിങ്ങിലും പ്രദര്‍ശന സ്‌ക്രീനുകളുടെ എണ്ണത്തിലും ചരിത്രം സൃഷ്‌ടിക്കുകയാണ് സൂപ്പർസ്‌റ്റാർ ഷാരൂഖ് ഖാൻ ചിത്രം പഠാൻ. ഇന്ന് റിലീസ് ചെയ്‌ത ചിത്രം ആദ്യ ഷോ കഴിഞ്ഞതോടെ 300 സ്‌ക്രീനുകൾ അധികം നേടി. ആദ്യ ഷോയ്ക്ക് ശേഷം ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് സ്‌പൈ ത്രില്ലർ ചിത്രത്തിന്‍റെ സ്‌ക്രീൻ എണ്ണം വർധിപ്പിക്കാൻ വിതരണക്കാര്‍ തീരുമാനിച്ചതെന്ന് മുംബൈ ആസ്ഥാനമായുള്ള വ്യവസായ വിദഗ്‌ധൻ തരൺ ആദർശ് ട്വിറ്ററിലൂടെ അറിയിച്ചു.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത് ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് 300 കേന്ദ്രങ്ങള്‍ കൂടി ലഭിച്ചതോടെ ആകെ 8000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയിൽ 5,500 സ്‌ക്രീനുകളിലും വിദേശത്ത് 2,500 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദർശിപ്പിക്കുക.