മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം പഠാന്‍ ബോക്സോഫിസ് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്‌ത് 27 ദിവസം പിന്നട്ടപ്പോള്‍ 1,000 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ് പഠാന്‍. ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പഠാന്‍ 1,000 കോടി ക്ലബില്‍ കയറുന്ന അഞ്ചാമത്തെ ഇന്ത്യന്‍ സിനിമയാണ്. ദംഗല്‍ (1,968.03 കോടി രൂപ), ബാഹുബലി 2 (1,747 കോടി രൂപ), കെജിഎഫ് 2 (1,188 കോടി രൂപ), ആര്‍ആര്‍ആര്‍ (1,174 കോടി രൂപ) എന്നിവയാണ് 1,000 കോടി ക്ലബില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ സിനിമകള്‍.
ആഗോള തലത്തില്‍ ആദ്യമായി 1,000 കോടി ക്ലബില്‍ കയറുന്ന ആദ്യ ഹിന്ദി ചിത്രമെന്ന ബഹുമതിയും പഠാന് സ്വന്തം. ഇന്ത്യയില്‍ നിന്ന് 623 കോടി രൂപയും വിദേശത്ത് നിന്ന് 377 കോടി രൂപയുമാണ് പഠാന് ലഭിച്ച കലക്ഷന്‍. ജനുവരി 25 തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഈ വിജയം ബോളിവുഡില്‍ പഠാന് മാത്രം സ്വന്തമാണ്. 250 കോടി രൂപ ചെലവിലാണ് പഠാന്‍ ഒരുക്കിയത്.
പഠാന്‍റെ ആക്ഷന്‍ സീക്വന്‍സുകളും ഡയലോഗുകളും ചിത്രത്തിന് ഏറെ കൈയടി നേടിക്കൊടുത്ത ഘടകങ്ങളാണ്. കൂടാതെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ അതിഥി വേഷവും പ്രേക്ഷകര്‍ക്കിടയില്‍ പഠാന് മികച്ച സ്വീകാര്യത ലഭിക്കാന്‍ കാരണമായി. ഷാരൂഖ് ഖാന്‍ നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം ബിഗ് സ്ക്രീനില്‍ തിരിച്ചെത്തിയ ചിത്രം കൂടിയാണ് പഠാന്‍. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിച്ചെത്തിയ സീനുകള്‍ തിയേറ്ററുകളെ ഇളക്കി മറിക്കുകയായിരുന്നു.
വിവാദങ്ങള്‍ക്ക് കീഴടക്കാന്‍ കഴിയാത്ത വിജയം: റിലീസിന് മുമ്പ് തന്നെ ഏറെ വിവാദങ്ങള്‍ക്ക് പഠാന്‍ തിരിതെളിയിച്ചിരുന്നു. സിനിമക്കെതിരെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ അടക്കം രംഗത്തു വന്നു. ചിത്രം റിലീസ് ചെയ്‌ത ദിവസം തന്നെ ചിലയിടങ്ങളില്‍ തിയേറ്ററുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. പഠാനില്‍ പ്രധാന വേഷം ചെയ്‌ത ഷാരൂഖ് ഖാനെയും ദീപികയെയും വ്യക്തിഹത്യ ചെയ്‌തു കൊണ്ട് പലരും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇവയൊന്നും പഠാനെ തെല്ലും പിന്നോട്ടടിപ്പിച്ചില്ല എന്നുവേണം പറയാന്‍. വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫിസില്‍ കുതിക്കുകയായിരുന്നു ചിത്രം.
ടിക്കറ്റ് നിരക്ക് കുറച്ച് മാര്‍ക്കറ്റിങ്: വേറിട്ട മാര്‍ക്കറ്റിങ് തന്ത്രങ്ങളാണ് പഠാന്‍റെ അണിയറപ്രവര്‍ത്തകര്‍ ആവിഷ്‌കരിച്ചത്. ബോക്‌സോഫിസില്‍ പഠാന്‍ 970 കോടി കലക്ഷന്‍ നേടിയ ഫെബ്രുവരി 17ന് ചിത്രത്തിന്‍റെ ടിക്കറ്റ് നിരക്ക് 110 രൂപയാക്കി നിര്‍മാതാക്കള്‍ കുറച്ചിരുന്നു. ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നതിനൊപ്പം തിയേറ്ററുകളില്‍ സൗജന്യ പോപ്‌കോണ്‍ വിതരണം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതായി ഷാരൂഖ് ഖാന്‍ പ്രതികരിക്കുകയുണ്ടായി. ആരാധകരോട് സംവദിക്കുന്നതിനിടെ ട്വിറ്ററിലാണ് താരം തന്‍റെ ആഗ്രഹം പങ്കുവച്ചത്.
ഷാരൂഖിനൊപ്പം ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, അശുതോഷ് റാണ, ഡിംപിള്‍ കപാഡിയ തുടങ്ങിയ വമ്പന്‍ താരരനിരയും ചിത്രത്തിലുണ്ട്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മാണം യാഷ് രാജ് ഫിലിംസ് ആണ്. ഹിന്ദിക്ക് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും പഠാന്‍ തിയേറ്ററുകളില്‍ എത്തിയിരുന്നു.