ഹൈദരാബാദ് : ബോളിവുഡ് താരം പരിണീതി ചോപ്രയും ആം ആദ്‌മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും ഒക്‌ടോബറിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ട്. ഇരുവരുടേയും വിവാഹം ഉറപ്പിക്കൽ ചടങ്ങ് സ്വകാര്യമായി നടത്തിയതായി താരങ്ങളുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഒക്‌ടോബർ അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന.
അടുത്തിടെ മോതിര വിരലിൽ വെള്ളി ബാൻഡ് ധരിച്ച് പരിണീതിയെ പൊതുമധ്യത്തിൽ കണ്ടതോടെയാണ് ഇവരുടെ വിവാഹ വാർത്തകൾ വീണ്ടും സജീവമായത്. പരിണീതിയും രാഘവും വിവാഹത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് നടത്തിയെന്നും അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പരമ്പരാഗത റോക്ക (വിവാഹ നിശ്ചയം) ചടങ്ങ് നടത്തി എന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
രാഘവ് ഛദ്ദയും പരിണീതി ചോപ്രയും ഇതുവരെ തങ്ങളുടെ ബന്ധം പരസ്യമായി അംഗീകരിച്ചിട്ടില്ല. എന്നാൽ ഇരുവരെയും ഒരുമിച്ച് പല പരിപാടികളിലും കണ്ടതോടെയാണ് ഇവർ തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. മുംബൈയിലെ ഒരു റസ്റ്റോറന്‍റിൽവച്ചാണ് ഇരുവരും ആദ്യം പാപ്പരാസികളുടെ ക്യാമറ കണ്ണുകളിൽ ഉടക്കിയത്.
ALSO READ:രാഘവ് ഛദ്ദയുമായുള്ള വിവാഹ വാർത്തകൾ സത്യമാണോ? ചോദ്യത്തിന് പരിനീതിയുടെ പ്രതികരണം
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഡൽഹി വിമാനത്താവളത്തിലും ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നു. വിമാനത്താവളത്തില്‍ തനിക്ക് ചുറ്റും കൂടിയ പാപ്പരാസികളെയും മാധ്യമ പ്രവർത്തകരെയും ഒഴിവാക്കി പരിണീതി തിടുക്കത്തിൽ കാറിൽ കയറുകയായിരുന്നു. പരിണീതിയെ അനുഗമിച്ച് രാഘവ് ഛദ്ദയും വളരെ വേഗം കാറിനുള്ളിലേക്ക് കയറി.