ന്യൂ ഡല്‍ഹി: വീണ്ടും പാപ്പരാസികളുടെ കണ്ണിലുടക്കി പരിനീതി ചോപ്രയും രാഘവ് ഛദ്ദയും. ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്‌മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും ഡല്‍ഹി വിമാനത്താവളത്തില്‍. വിവാഹ പ്രചാരണങ്ങള്‍ക്കിടെ ബുധനാഴ്‌ച രാത്രിയിലാണ് ഇരുവരും ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് പാപ്പരാസികളുടെ കണ്ണിലുടക്കിയത്.
പരിനീതിയെയും രാഘവിനെയും ഒന്നിച്ച് കണ്ടതോടെ വീണ്ടും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. വിമാനത്താവളത്തില്‍ തനിക്ക് ചുറ്റും കൂടിയ പാപ്പരാസികളെയും മാധ്യമ പ്രവർത്തകരെയും ഒഴിവാക്കി പരിനീതി തിടുക്കത്തിൽ കാറിൽ കയറുന്ന കാഴ്‌ചയാണ് കാണാനാവുക. പരിനീതി ഒരു കറുത്ത നിറമുള്ള ഔട്ട്ഫിറ്റാണ് ധരിച്ചിരുന്നത്. പരിനീതിയെ അനുഗമിച്ച് രാഘവ് ഛദ്ദയും വളരെ വേഗം കാറിനുള്ളിലേയ്‌ക്ക് കയറി.
പരിനീതിയെയും രാഘവിനെയും അടുത്തിടെ മുംബൈയിൽ വച്ച് ഒന്നിച്ച് കണ്ടതോടെയാണ് ഡേറ്റിങ് കിംവദന്തികൾക്ക് തുടക്കം കുറിച്ചത്. അടുത്തിടെ പരിനീതി ചോപ്രയെ സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ വീട്ടിൽ വച്ച് കാണുകയുണ്ടായി. തങ്ങളുടെ വിവാഹത്തിനായാണ് താരം മനീഷ് മല്‍ഹോത്രയുടെ വീട് സന്ദര്‍ശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജീവ് അറോറ തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ രാഘവിനെയും പരിനീതിയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. 'രാഘവ് ഛദ്ദയ്‌ക്കും പരിനീതി ചോപ്രയ്‌ക്കും എന്‍റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. അവരുടെ ഐക്യം സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ഒന്നിച്ചുള്ള നിമിഷങ്ങളുടെയും സമൃദ്ധിയാൽ അനുഗ്രഹിക്കപ്പെടട്ടെ. എന്‍റെ എല്ലാവിധ ഭാവുകങ്ങളും!!!', സഞ്ജീവ് അറോറ ട്വിറ്ററില്‍ കുറിച്ചു.