തിയേറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിക്കാനുമായി ഇന്ന് (ഓഗസ്‌റ്റ് 4) തിയേറ്ററുകളില്‍ എത്തിയത് ഏഴ് മലയാള ചിത്രങ്ങള്‍. സൈജു കുറുപ്പിന്‍റെ 'പാപ്പച്ചന്‍ ഒളിവിലാണ്', 'ഓളം', 'പര്‍പ്പിള്‍ പോപ്പിന്‍സ്', 'കൊറോണ ധവാന്‍', 'അനക്ക് എന്തിന്‍റെ കേടാ', 'കെങ്കേമം', 'നിള' എന്നിവയാണ് ഇന്ന് റിലീസായ ചിത്രങ്ങള്‍.
പാപ്പച്ചൻ ഒളിവിലാണ് : സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി സിൻ്റോ സണ്ണി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് സൈജു കുറുപ്പ് എത്തിയത്. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറുടെ വേഷമാണ് സൈജു കുറുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇയാളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥ നീങ്ങുന്നത്.
ശ്രിന്ദയും ദർശനയും നായികമാരായി എത്തിയ ചിത്രത്തില്‍ അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, വീണ നായർ, ജോണി ആൻ്റണി, ജോളി ചിറയത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തി.
പര്‍പ്പിള്‍ പോപ്പിന്‍സ് :ക്രിസ്റ്റ്യാന എന്ന കൗമാരക്കാരിയുടെ ജീവിത കഥയെ ആസ്‌പദമാക്കി എംബിഎസ് ഷൈന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'പര്‍പ്പിള്‍ പോപ്പിന്‍സ്'. ഒരു ക്രൈം ഡ്രാമ ഫാമിലി ത്രില്ലര്‍ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയത്.
ആത്മഹത്യ ചെയ്യുന്ന ക്രിസ്റ്റ്യാന അവളുടെ മൂന്ന് സുഹൃത്തുക്കള്‍ക്കയച്ച മൂന്ന് കത്തുകള്‍ പൊലീസ് കണ്ടെത്തുകയും, ആ കൗമാരക്കാരിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. സംവിധായകന്‍ എംബിഎസ് ഷൈന്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഓളം : അര്‍ജുന്‍ അശോകനെ നായകനായി വിഎസ് അഭിലാഷ് സംവിധാനം ചെയ്‌ത ചിത്രമാണ് 'ഓളം'. വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീവിതവും ഫാന്‍റസിയും ഇടകലര്‍ത്തിക്കൊണ്ട് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ജോണറിലാണ് സംവിധായകന്‍ 'ഓളം' ഒരുക്കിയിരിക്കുന്നത്.
സംവിധായകനും നടി ലെനയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചത്. ലെന ആദ്യമായി തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് 'ഓളം'.
കൊറോണ ധവാന്‍ : ലുക്‌മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ കോമഡി ചിത്രമാണ് 'കൊറോണ ധവാന്‍'. കൊറോണ കാലത്ത് മദ്യത്തിനായുള്ള ആളുകളുടെ പരക്കം പാച്ചിലാണ് ചിത്രപശ്ചാത്തലം.