കറാച്ചി :പാകിസ്ഥാന്‍റെ ആദ്യ മിസ് യൂണിവേഴ്‌സ് മത്സരാർത്ഥിയായ എറിക്ക റോബിനെച്ചൊല്ലി വിവാദം പുകയുന്നു. കറാച്ചിയിൽ നിന്നുള്ള ക്രൈസ്‌തവ വിശ്വാസിയായ എറിക്ക റോബിൻ മത്സരത്തിൽ പങ്കെടുത്തതിനെ ലജ്ജാകരമായ പ്രവർത്തിയെന്നാണ് പാകിസ്ഥാനിലെ യാഥാസ്ഥിതിക വിഭാഗം ആക്ഷേപിക്കുന്നത്. എറിക്കക്കെതിരെ രൂക്ഷമായ കുറ്റപ്പെടുത്തലുകളാണ് ഓൺലൈനിലടക്കം നടക്കുന്നത്. ജമാഅത്തെ ഇസ്ലാമി പാർട്ടിയിലെ സെനറ്റർ മുഷ്താഖ് അഹമ്മദ് എറിക്കയുടെ നാമനിർദേശത്തെ "ലജ്ജാകരം" എന്ന് കുറ്റപ്പെടുത്തി. അതേസമയം പാകിസ്ഥാന്‍റെ കാവൽ പ്രധാനമന്ത്രി അൻവർ ഉൾ-ഹഖ് കാക്കർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
ദുബായ് ആസ്ഥാനമായ യുജെൻ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ മാലിദ്വീപിൽ നടന്ന മത്സരത്തിലാണ് റോബിൻ പാകിസ്ഥാനുവേണ്ടി മത്സരിച്ചത്. സൗന്ദര്യ മത്സരത്തിൽ പ്രതിനിധീകരിക്കപ്പെടാൻ ആഗ്രഹിക്കാത്ത ഒരു രാജ്യത്തെയാണ് എറിക്ക പ്രതിനിധീകരിക്കുന്നതെന്ന് ഒരു വിഭാഗം വാദിക്കുന്നു. പാകിസ്ഥാന് മിസ് പാകിസ്ഥാൻ വേൾഡ് പോലുള്ള മത്സരങ്ങളുടെ ചരിത്രമുണ്ടെങ്കിലും 72 വർഷത്തെ ചരിത്രത്തിൽ ഒരിക്കലും മിസ് യൂണിവേഴ്‌സ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തിട്ടില്ല.
വിവാദത്തിനുപിന്നാലെ പ്രതികരണവുമായി എറിക്ക തന്നെ രംഗത്തെത്തി. പാകിസ്‌താനെ പ്രതിനിധീകരിക്കുന്നതിൽ വലിയ സന്തോഷം തോന്നുന്നുണ്ടെന്നും താൻ നിറയെ പുരുഷന്മാർക്കുമുന്നിൽ നീന്തൽ വസ്ത്രം ധരിച്ച് പരേഡ് ചെയ്യുകയാണെന്ന ധാരണയാകാം വിവാദത്തിന് കാരണമെന്നും എറിക്ക പ്രതികരിച്ചു. "പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നതിൽ വലിയ സന്തോഷം തോന്നുന്നു. എന്നാൽ എവിടെ നിന്നാണ് തിരിച്ചടി വരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ നിറയെ പുരുഷന്മാരുള്ള മുറിയിൽ നീന്തൽ വസ്ത്രം ധരിച്ച് പരേഡ് ചെയ്യുകയാണെന്ന ധാരണയാകാം ഇതിന് കാരണം." - എറിക്ക വ്യക്തമാക്കി. ആഗോളതലത്തിൽ പാകിസ്ഥാനെ പ്രതിനിധീകരിച്ചതിലൂടെ താൻ നിയമങ്ങളൊന്നും ലംഘിക്കുന്നില്ലെന്നും തന്‍റെ രാജ്യത്തെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകളെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും എറിക്ക ഊന്നിപ്പറഞ്ഞു.
വിവാദത്തിനിടെ അവളെ അഭിനന്ദിച്ച് നിരവധി മോഡലുകളും എഴുത്തുകാരും പത്രപ്രവർത്തകരുമടക്കം രംഗത്തെത്തി. പുരുഷ അന്താരാഷ്ട്ര മത്സരങ്ങളെ പിന്തുണയ്ക്കുകയും എന്നാൽ സ്ത്രീ നേട്ടങ്ങളെ വിമർശിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് പാകിസ്ഥാൻ മോഡലായ വനീസ അഹമ്മദ് ചൂണ്ടിക്കാട്ടി.