ചെന്നൈ:ചിയാന്‍ വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് 'തങ്കലാന്‍' (Pa Ranjith - Chiyaan Vikram movie Thangalaan). സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച വമ്പൻ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നിർമാതാക്കൾ.
ഏപ്രിലിൽ 'തങ്കലാൻ' ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. നേരത്തെ ജനുവരി 26നാണ് ഈ ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോൾ ആരാധകരെ നിരാശരാക്കി റിലീസ് നീട്ടിയിരിക്കുകയാണ് (Pa Ranjith Chiyaan Vikram 'Thangalaan' to release in April).
പൊങ്കൽ ആശംസകൾ നേർന്നുകൊണ്ട്, ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും പങ്കുവച്ചാണ് അണിയറ പ്രവർത്തകർ റിലീസ് വിവരം പുറത്തുവിട്ടത്. "ചരിത്രം രക്തത്തിലും സ്വർണത്തിലും എഴുതപ്പെടാൻ കാത്തിരിക്കുന്നു'' എന്നും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്.
ചിയാൻ വിക്രം ആരാധകര്‍ വളരെ ആകാക്ഷയോടെ കാത്തിരിക്കുന്ന 'തങ്കലാൻ' പത്തൊൻപതാം നൂറ്റാണ്ടിലെ ആദ്യകാല ഖനനം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമാക്കി, പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമായി അണിയിച്ചൊരുക്കുന്ന 'തങ്കലാ'ന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ പാ രഞ്ജിത്ത് തന്നെയാണ്. തമിഴ് പ്രഭയ്‌ക്കൊപ്പമാണ് പാ രഞ്ജിത്ത് തിരക്കഥ ഒരുക്കിയത്.
മാളവിക മോഹന്‍, പാര്‍വതി തിരുവോത്ത് എന്നിവരാണ് 'തങ്കലാനി'ലെ നായികമാര്‍. പശുപതി, ഹോളിവുഡ് നടൻ ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്‌ണൻ അൻബുദുരൈ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലുണ്ട്. തമിഴിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, മലയാളം ഭാഷകളിലും ചിത്രം പ്രേക്ഷകർക്കരികിലെത്തും.
അടുത്തിടെയാണ് സിനിമയുടെ ടീസർ (Thangalaan Teaser) അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസർ. പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും സ്വന്തം ഭൂമിയെയും അവിടുത്തെ ജനങ്ങളെയും രക്ഷിക്കാന്‍ ദൃഢനിശ്ചയം എടുക്കുന്ന അചഞ്ചലനായ നേതാവിന്‍റെ വേഷമാണ് ചിയാന്‍ വിക്രം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചിയാന്‍ വിക്രമിന്‍റെ ഏറ്റവും വലിയ മേക്കോവറുകളില്‍ ഒന്നിന് കൂടിയാണ് 'തങ്കലാനി'ലൂടെ പ്രേക്ഷകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. സിനിമയിലെ വിക്രമിന്‍റെ ഗെറ്റപ്പുകള്‍ സോഷ്യല്‍ മീഡിയയിൽ ഇതിനോടകം തരംഗമാണ്. സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻ ഹൗസിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും നീലം പ്രൊഡന്‍ക്ഷന്‍സും ചേര്‍ന്നാണ് 'തങ്കാലൻ' നിർമിക്കുന്നത്.
ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എ കിഷോർ കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ശെൽവ ആർകെ ആണ്.
ALSO READ:വിസ്‌മയിപ്പിക്കാന്‍ ചിയാന്‍ വിക്രം, പാ രഞ്‌ജിത്തിന്‍റെ തങ്കലാന്‍ ടീസര്‍ ശ്രദ്ധേയം