തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വിക്രമിന്‍റെ ജന്മദിനമാണ് ഇന്ന്. 57ാം പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകളും സര്‍പ്രൈസുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ 'തങ്കലാന്‍' ടീമും താരത്തിന് പിറന്നാള്‍ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ്.
സംവിധായകന്‍ പാ രഞ്ജിത്ത് 'തങ്കലാന്‍റെ' മേക്കിംഗ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. 'തങ്കലാന്‍റെ' സ്‌പെഷ്യല്‍ പോസ്‌റ്ററിനൊപ്പമാണ് പാ രഞ്ജിത്ത് മേക്കോവര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'എന്‍റെ തങ്കലാന് ജന്മദിനാശംസകള്‍, ചിയാനോടുള്ള ഞങ്ങളുടെ എളിയ ആദരവായി തങ്കലാന്‍റെ ഒരു ഗംഭീര മേക്കിംഗ് വിഷ്വൽ വീഡിയോയുടെ ചെറിയൊരു ഭാഗം നിങ്ങൾക്ക് സമ്മാനിക്കുന്നു' - പാ രഞ്ജിത്ത് കുറിച്ചു.
തന്‍റെ പുതിയ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ചിയാന്‍ വിക്രം. വിക്രം തന്‍റെ കഥാപാത്രങ്ങള്‍ക്കായി നടത്തുന്ന പരിശ്രമങ്ങള്‍ എല്ലായ്‌പ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ 'തങ്കലാന്' വേണ്ടിയുള്ള വിക്രമിന്‍റെ കഠിന പ്രയത്‌നം സോഷ്യല്‍ മീഡിയയിലടക്കം വൈറലാവുകയാണ്.
വിക്രമിന്‍റെ പ്രകടനം തന്നെയാണ് 'തങ്കലാന്‍റെ' ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. തീര്‍ത്തും വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് സിനിമയില്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ കാണാത്ത വിക്രമിന്‍റെ മേക്കോവര്‍ കണ്ട് വിസ്‌മയിച്ചിരിക്കുകയാണ് സിനിമാസ്വാദകര്‍. കഥാപാത്രത്തിനായുള്ള വിക്രമിന്‍റെ അര്‍പ്പണബോധവും മേക്കിംഗ് വീഡിയോയില്‍ കാണാം. വിക്രമിന്‍റെ 61ാമത് ചിത്രം കൂടിയാണിത്.
Also Read:'ഇതിഹാസ യോദ്ധാവ് ആദിത്യകരികാലനിലേക്കുള്ള വിക്രമിൻ്റെ വേഷപ്പകര്‍ച്ച'; വീഡിയോ പങ്കുവച്ച് ലൈക്ക പ്രൊഡക്‌ഷൻസ്
തമിഴ് സിനിമാചരിത്രത്തില്‍ ഒരു വമ്പന്‍ ചിത്രമായാണ് 'തങ്കലാന്‍' ഒരുങ്ങുന്നത്. കര്‍ണാടകത്തിലെ കോലാര്‍ സ്വര്‍ണഖനി മേഖല പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണിത്. 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. സിനിമയുടെ പ്രധാന ലൊക്കേഷനില്‍ ഒന്നാണ് കോലാര്‍ ഗോള്‍ഡ് ഫീള്‍ഡ് (കെജിഎഫ്).
പിരീഡ് ആക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം വലിയ സ്‌കെയിലിലാണ് ഒരുങ്ങുന്നത്. 2021 ഡിസംബറിലായിരുന്നു ചിത്രപ്രഖ്യാപനം. പാ രഞ്ജിത്തും വിക്രമും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ പശുപതിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
സ്‌റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന സിനിമയുടെ നിര്‍മാണം കെ.ഇ ജ്ഞാനവേല്‍ രാജയാണ്. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും 'തങ്കലാന്‍' എന്ന് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ നേരത്തേ പറഞ്ഞിരുന്നു. ജി.വി പ്രകാശ്‌കുമാര്‍ ആണ് സംഗീതം ഒരുക്കുന്നത്.
കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വഹിക്കും. എസ് എസ് മൂര്‍ത്തിയാണ് കലാസംവിധാനം. 'കെജിഎഫ്', 'വിക്രം' എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്‍പറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി.
Also Read: 'അന്ന് കൈയില്‍ പണമില്ല, ടാക്‌സിയിൽ നിന്നും ഇറങ്ങിയോടി'; കോളജ് കാലത്തെ അനുഭവം പങ്കുവച്ച് സൽമാൻ ഖാൻ
മണിരത്‌നത്തിന്‍റെ സ്വപ്‌ന പദ്ധതി 'പൊന്നിയിന്‍ സെല്‍വന്‍' ആയിരുന്നു വിക്രമിന്‍റേതായി ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം. പൊന്നിയിന്‍ സെല്‍വനില്‍ ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. ആദിത്യ കരികാലനായുള്ള വിക്രമിന്‍റെ വേഷപ്പകര്‍ച്ചയെ പ്രേക്ഷകര്‍ വാനോളം പുകഴ്‌ത്തിയിരുന്നു. ഇതിന് പിന്നാലെ എത്തുന്ന 'തങ്കലാനി'ലെ വിക്രമിന്‍റെ വേഷപ്പകര്‍ച്ചയും ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.