ലോസ് ഏഞ്ചല്‍സ് :അക്കാദമി അവാർഡുകളിൽ മികച്ച സഹനടനുള്ള അവാർഡ് സ്വീകരിക്കുന്ന എഷ്യന്‍ വംശജനായ രണ്ടാമത്തെ നടനാണ് കീ ഹൂ ക്വാന്‍. അഡ്വഞ്ചർ സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ‘എവരിത്തിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് കീ ഹൂ ക്വാന്‍ അക്കാദമി അവാർഡ് നേടിയെടുത്തത്. ക്വാൻ്റെ ഈ വിജയത്തോടെ, അക്കാദമി അവാർഡുകളിൽ മികച്ച സഹനടനുള്ള അവാർഡ് നേടുന്ന ഏഷ്യൻ വംശജനായ രണ്ടാമത്തെ അഭിനേതാവായി അദ്ദേഹം മാറി. അവാർഡ് വേദിയിൽ തൻ്റെ പേര് പ്രഖ്യാപിച്ചപ്പോൾ സിനിമയിലെ തൻ്റെ സഹതാരങ്ങളായ മിഷേൽ യോയെയും, ജാമി ലീ കർട്ടിസിനെയും കെട്ടിപിടിച്ചുകൊണ്ടാണ് കീ ഹൂ ക്വാന്‍ എഴുന്നേറ്റത്. വേദിയിലുള്ള ഏവരും ആഗ്രഹിച്ച വിജയം പോലെയായിരുന്നു ഏവരും അദ്ദേഹത്തിന് വേണ്ടി എഴുന്നേറ്റ് നിന്ന് കൈയടിച്ചത്.
അമ്മേ ഞാൻ ഇതാ ഓസ്‌കർ നേടിയിരിക്കുന്നു:വേദിയിൽ കയറി അവാർഡ് സ്വീകരിച്ച ക്വാന്‍റെ കണ്ണുകള്‍ നിറഞ്ഞു. ശേഷം കരച്ചിലടക്കിയ ക്വാന്‍ ‘എൻ്റെ അമ്മക്ക് 84 വയസുണ്ട് അമ്മ ഇത് വീട്ടിൽ ഇരുന്ന് കാണുന്നുണ്ടാകും. അമ്മേ ഞാൻ ഇതാ ഓസ്‌കർ നേടിയിരിക്കുന്നു’ എന്നു ഉറക്കെ വികാരം അടക്കാനാകാതെ കരഞ്ഞുകൊണ്ട് പറയുകയായിരുന്നു. വേദി ഒന്നടങ്കം ആർപ്പുവിളികളോടെയാണ് ഈ വാക്കുകൾക്ക് കൈയടിച്ചത്. എൻ്റെ യാത്ര ആരംഭിച്ചത് ഒരു ബോട്ടിലാണ്, ഞാൻ എൻ്റെ ഒരു വർഷം അഭയാർഥി ക്യാമ്പിലായിരുന്നു. പിന്നെ എങ്ങിനെയൊക്കെയോ ഞാൻ ദാ ഇവിടെ എത്തി നിൽക്കുന്നു.