ലോസ് ഏഞ്ചല്‍സ് :ഡോള്‍ബി തിയേറ്ററില്‍ 95ാമത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തിന് അഭിമാന നിമിഷം. ഇന്ത്യന്‍ ഡോക്യുമെന്ററി ഫിലിം 'ദ എലിഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടു. 'ഹൗലൗട്ട്', 'ദ മാർത്ത മിച്ചൽ എഫക്റ്റ്', 'സ്ട്രെയിഞ്ചർ അറ്റ് ദി ഗേറ്റ്', 'ഹൗ ഡു യു മെഷർ എ ഇയർ' എന്നീ നാല് ചിത്രങ്ങളോട് മത്സരിച്ചാണ് 'ദ എലിഫന്റ് വിസ്പറേഴ്സ്' അംഗീകാരം നേടിയത്.
ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണിത്. അതേസമയം ഇതേ വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തെ ചിത്രവുമാണ്. 1969ല്‍ 'ദ ഹൗസ് ദാറ്റ് ആനന്ദ ബില്‍റ്റ്', 1979ല്‍ 'ആന്‍ എന്‍കൗണ്ടര്‍ വിത്ത് ഫെയിസസ്' എന്നിവയായിരുന്നു ഈ വിഭാഗത്തില്‍ ഓസ്കറിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് ചിത്രങ്ങള്‍.
കാർത്തികി ഗോൺസാൽവസ് ആണ് സംവിധാനം.ഗുനീത് മോംഗ നിർമാണവും നിര്‍വഹിച്ചു. തമിഴ്നാട്ടിലെ മുതുമല ദേശീയ ഉദ്യാനത്തിലെ ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു എന്ന ആനക്കുട്ടിയുടെ കഥ പറയുന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമാണ് 'ദ എലിഫന്റ് വിസ്പറേഴ്സ്'.
ബൊമ്മ - ബെല്ലി ദമ്പതികളും ആനക്കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ മാത്രമല്ല, അവരുടെ ചുറ്റുപാടുകളിലൂടെ പ്രകൃതി സൗന്ദര്യത്തെയും ഡോക്യുമെന്ററി ആഘോഷിക്കുന്നു. 2022 ഡിസംബര്‍ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് 'ദ എലിഫന്റ് വിസ്പറേഴ്സ്' റിലീസ് ചെയ്തത്.
ഓസ്കറിലെ ഇന്ത്യന്‍ നേട്ടങ്ങള്‍ : ഇന്ത്യയ്ക്ക് ഓസ്കര് അവാര്‍ഡില്‍ ഇതൊരു പ്രത്യേക വര്‍ഷമായിരുന്നു.'ദ എലിഫന്റ് വിസ്പറേഴ്സി'ന് മാത്രമല്ല, ബ്രഹ്മാണ്ഡ സംവിധായകന് എസ്എസ് രാജമൗലിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനും ഓസ്കര് അവാര്‍ഡ് ലഭിച്ചു. മികച്ച ഗാനത്തിനുള്ള ഓസ്കര് അവാര്‍ഡാണ് 'നാട്ടു നാട്ടു' സ്വന്തമാക്കിയത്.