ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ലോസ് എഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ മാര്‍ച്ച് 12നാണ് അവാര്‍ഡ് ചടങ്ങ് നടക്കുക. ഇന്ത്യയില്‍ മാര്‍ച്ച് 13ന് രാവിലെയാണ് ഓസ്‌കര്‍ അവാര്‍ഡ് നിശയുടെ സംപ്രേക്ഷണം. എസ് എസ് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു പാട്ടിന് ഇത്തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ആര്‍ആര്‍ആര്‍ ഗാനം മത്സരിക്കുക.
ഗോള്‍ഡന്‍ ഗ്ലോബ്‌സ് ഉള്‍പ്പെടെയുളള പുരസ്‌കാരങ്ങള്‍ നേടിയ ആര്‍ആര്‍ആര്‍ ഓസ്‌കറിലും തിളങ്ങുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം അക്കാദമി അവാര്‍ഡ്‌സില്‍ ആദ്യമായി നടന്‍ സൂര്യ വോട്ട് ചെയ്‌ത വിവരം ആരാധകരെ സന്തോഷത്തിലാഴ്‌ത്തിയിരിക്കുകയാണ്. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഓസ്‌കറില്‍ വോട്ട് രേഖപ്പെടുത്തിയ വിവരം സൂര്യ അറിയിച്ചിരിക്കുന്നത്.
വോട്ടിങ് ഡണ്‍ എന്ന കാപ്‌ഷനില്‍ #oscars95 എന്ന ഹാഷ്‌ടാഗ് കുറിച്ച് ദ അക്കാദമിയെ ടാഗ് ചെയ്‌തുകൊണ്ടാണ് സൂര്യയുടെ ട്വീറ്റ് വന്നത്. അടുത്തിടെയാണ് അക്കാദമി ഓഫ് മോഷന്‍ പിക്‌ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കമ്മിറ്റിയില്‍ സൂര്യയും അംഗമായത്. ഇത്തരത്തില്‍ ഓസ്‌കര്‍ അക്കാദമി അംഗത്വം നേടുന്ന ആദ്യ തെന്നിന്ത്യന്‍ താരം കൂടിയാണ് സൂര്യ.
സൂര്യയ്‌ക്ക് പുറമെ ബോളിവുഡ് താരം കാജോള്‍, സംവിധായകരായ റിന്‍റു ഘോഷ്, സുഷ്‌മിത് ഘോഷ്, നിര്‍മാതാവും എഴുത്തുകാരിയുമായ റീമ കഗ്‌തി എന്നിവരെയും അക്കാദമിയില്‍ അംഗമാകാന്‍ ഇത്തവണ ക്ഷണിച്ചിരുന്നു. സിനിമയിലെ വിവിധ മേഖലകളിലായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇവരെ അക്കാദമി ക്ഷണിച്ചത്. ഓസ്‌കര്‍ ജേതാവ് എആര്‍ റഹ്‌മാന്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിദ്യ ബാലന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അലി അഫ്‌സല്‍, നിര്‍മാതാക്കളായ, ആദിത്യ ചോപ്ര, ഗുനീത് മോംഗ, എക്‌ത കപൂര്‍, ശോഭ കപൂര്‍ തുടങ്ങിയവരും മുന്‍പെ തന്നെ അക്കാദമി അംഗങ്ങളാണ്.
സിനിമയില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന സമയത്താണ് സൂര്യയ്‌ക്ക് ഓസ്‌കര്‍ അക്കാദമി അംഗത്വം ലഭിച്ചത്. സൂരറൈ പോട്രു, ജയ് ഭീം എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്‌ട്ര തലത്തിലും സൂര്യ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സുരറൈ പോട്രു സിനിമയിലൂടെ മികച്ച നടനുളള ദേശീയ പുരസ്‌കാരം നടന്‍ നേടി. ഓസ്‌കര്‍ അക്കാദമി അംഗത്വം നേടിയതിലൂടെ എല്ലാ വര്‍ഷവും ലോസ് എഞ്ചലസില്‍ പ്രഖ്യാപിക്കുന്ന ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്ക് വോട്ട് ചെയ്യാനുളള അര്‍ഹത സൂര്യക്കുണ്ട്.
അതേസമയം ആര്‍ആര്‍ആറിന് പുറമെ ഓള്‍ ദാറ്റ് ബ്രീത്ത്‌സ്, ദ എലിഫെന്‍റ് വിസ്‌പേഴ്‌സ് എന്നീ ഡോക്യൂമെന്‍ററികളും ഇത്തവണ ഓസ്‌കറില്‍ മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങളാണ്. 2018ന് ശേഷം ജിമ്മി കിമ്മല്‍ ആണ് ഇത്തവണ ഓസ്‌കറില്‍ അവതാരകനാവുക. കൂടാതെ ഓസ്‌കര്‍ അവാര്‍ഡ് വിതരണ വേദിയില്‍ അവതാരകയായി ദീപിക പദുകോണും എത്തും. ആഗോള തലത്തില്‍ പ്രശസ്‌തരായ 16 പേരാണ് ഇത്തവണ അവതാരകരായി അക്കാദമി അവാര്‍ഡ്‌സ് വേദിയില്‍ എത്തുക.