കേരള ബോക്‌സോഫിസിൽ മികച്ച പ്രകടനം കാഴ്‌ചവച്ച് വിഖ്യാത ചലച്ചിത്രകാരൻ ക്രിസ്റ്റഫർ നോളന്‍റെ (Christopher Nolan) ചിത്രം 'ഓപ്പൺഹൈമർ' (Oppenheimer). കേരളത്തിൽ ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന് വലിയൊരു ആരാധകവൃന്ദം ഉണ്ടെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന 'ഓപ്പൺഹൈമർ' കേരള ബോക്‌സ് ഓഫിസ് കലക്ഷൻ റിപ്പോർട്ടുകൾ. എട്ട് ദിവസത്തിനുള്ളിൽ 6.30 കോടി രൂപ കേരള ബോക്‌സോഫിസിൽ നിന്ന് നേടിയെടുക്കാൻ 'ഓപ്പൺഹൈമറി'ന് കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിൽ കേരളത്തിലെ പല തിയേറ്ററുകളിലും 'ഓപ്പൺഹൈമർ' ഷോകൾ കുറച്ചെങ്കിലും, അവസാന ദിനം ചിത്രം 50 ലക്ഷം രൂപ നേടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്‌ത ചിത്രത്തിന് മലയാളി പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വ്യക്തം.
'ഓപ്പൺഹൈമർ കേരള ബോക്‌സോഫിസിലെ എട്ട് ദിവസത്തെ കലക്ഷനിൽ 6.30 കോടി ഗ്രോസ് മാർക്കിൽ എത്തി, സൂപ്പർ ഹിറ്റായി മാറി. ഷോ കുറച്ചെങ്കിലും, ചിത്രം ഇന്നലെ 50 ലക്ഷത്തിനടുത്ത് കലക്ഷൻ നേടി, മറ്റൊരു നല്ല വാരാന്ത്യത്തെ സൂചിപ്പിക്കുന്നു- ഫ്രൈഡേ മാറ്റിനി (@VRFridayMatinee) ജൂലൈ 29ന് ട്വീറ്റ് ചെയ്‌തു.
ആറ്റോമിക് ബോംബിന്‍റെ പിതാവ് എന്ന് വിളിക്കപ്പെടുന്ന ഭൗതിക ശാസ്‌ത്രജ്ഞനായ ജെ റോബർട്ട് ഓപ്പൺഹൈമറിന്‍റെ (J Robert Oppenheimer) കഥ പറയുന്ന ചിത്രം ജൂലൈ 21ന് ആണ് റിലീസായത്. ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ, ഏറ്റവും വലിയ വിനാശം വരുത്തിയ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായാണ് 'ഓപ്പൺഹൈമർ' എത്തിയത്. സിലിയൻ മർഫി (Cillian Murphy) ആണ് ഈ ക്രിസ്റ്റഫർ നോളന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.