ഭുവനേശ്വർ : ഓളിവുഡ് (ഒഡിഷ) നടി മൗസുമി നായകിനെ അറസ്റ്റ് ചെയ്‌ത് പൊലീസ്. എഴുത്തുകാരി ബനസ്‌മിത പതിയുടെ പരാതിയെ തുടർന്നാണ് നടപടി. മൗസുമി നായക് തന്‍റെ പ്രതിച്ഛായയും പ്രശസ്‌തിയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ബനസ്‌മിത പതിയുടെ പരാതി (Ollywood actress Mousumi Nayak arrested).
ഐപിസി 385, 294, 506, 507 എന്നീ വകുപ്പുകൾ പ്രകാരമാണ് നടിക്കെതിരെ ഇൻഫോസിറ്റി പൊലീസ് കേസെടുത്തിരിക്കുന്നത്. 5.80 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഏതാനും ആഴ്‌ചകൾക്ക് മുമ്പ് മൗസുമിയും ബനസ്‌മിതയും തമ്മിൽ തർക്കം നടന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, എഴുത്തുകാരി ബനസ്‌മിത പതിക്ക് 5.8 ലക്ഷം രൂപ നൽകിയെന്നും അത് തിരികെ ലഭിച്ചില്ലെന്നും നടി മൗസുമി നായക് നേരത്തെ ആരോപിച്ചിരുന്നു. ബനസ്‌മിത ഈ പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുകയായിരുന്നു എന്നാണ് വിവരം.
തുടർന്ന് ഇരുവരും ഇൻഫോസിറ്റി പൊലീസ് സ്റ്റേഷനിൽ ഒരു ഒത്തുതീർപ്പ് ഹർജിയും സമർപ്പിച്ചു. ഉടമ്പടി പ്രകാരം, പണം തിരികെ നൽകാമെന്ന് ബനസ്‌മിത തീരുമാനിച്ചു. എന്നാൽ പണം നൽകിയിട്ടും മൗസുമി നിബന്ധനകൾ ലംഘിച്ച് തന്നെ ശല്യം ചെയ്യുന്നത് തുടരുകയാണ് എന്നാണ് ബനസ്‌മിതയുടെ പരാതി. ഇതിന് പുറമെ സോഷ്യൽ മീഡിയയിൽ ബനസ്‌മിതക്കെതിരെ ആക്ഷേപകരമായ പോസ്റ്റുകൾ ഇട്ടതായും മൗസുമിക്കെതിരെ ആരോപണമുണ്ട്.