മുംബൈ:കാണികളില്‍ ആകാംക്ഷയുണർത്തിയ ട്രെയിലറിന് പിന്നാലെ നുഷ്രത് ബറൂച്ച (Nushrratt Bharuccha) നായികയാകുന്ന ചിത്രം 'അകേലി'യുടെ (Akelli) പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ. ഓഗസ്റ്റ് 25 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രം ഓഗസ്റ്റ് 18 ന് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാലിപ്പോൾ റിലീസ് നീട്ടിയിരിക്കുകയാണ്.
യുദ്ധത്തിൽ തകർന്ന ഇറാഖിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു ഇന്ത്യൻ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. എല്ലാ പ്രതിസന്ധികളെയും വെല്ലുവിളിച്ച് അതിജീവനത്തിനായി അവൾ നടത്തുന്ന പോരാട്ടവും 'അകേലി' വരച്ചുകാട്ടുന്നു. പ്രണയ് മേഷ്‌റാം (Pranay Meshram) ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിവിധ സിനിമകളിൽ അസോസിയേറ്റ് ഡയറക്‌ടറായി പ്രവർത്തിച്ചിട്ടുള്ള പ്രണയ് മേഷ്‌റാമിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് 'അകേലി'.
നുഷ്രത് ബറൂച്ചയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ പെൺകുട്ടിയ്‌ക്ക് ജീവൻ പകരുന്നത്. ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി സംബന്ധിച്ച് താരം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്ററും പങ്കുവച്ചു. 'ഓഗസ്റ്റ് 25, അകേലിയുടെ പുതിയ റിലീസ് തീയതി. അവളുടെ അതിജീവനത്തിന്‍റെ കഥ അവളുടെ ചുറ്റുമുള്ള അരാജകത്വത്തേക്കാൾ ഉച്ചത്തിൽ പ്രതിധ്വനിക്കുന്നു', പോസ്റ്റർ പങ്കിട്ടുകൊണ്ട് നുഷ്രത് ബറൂച്ച കുറിച്ചു.
ദശമി സ്റ്റുഡിയോസിന്‍റെ ബാനറിൽ നിതിൻ വൈദ്യ, നിനാദ് വൈദ്യ, അപർണ പദ്ഗോങ്കർ, വിക്കി സിദാന, ശശാന്ത് ഷാ എന്നിവർ ചേർന്നാണ് 'അകേലി'യുടെ നിർമാണം. കുടുംബത്തെ പോറ്റാൻ വേണ്ടി മാത്രം ജീവനുപോലും ഭീഷണിയുള്ള ലോകത്തേക്ക് പോകാൻ നിർബന്ധിതയായ ഒരു പെൺകുട്ടിയുടെ കഥയാണ് 'അകേലി' പറയുന്നതെന്ന് നിർമാതാവ് നിനാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. പീഡകരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ അവൾ കാണിക്കുന്ന ധൈര്യം ചിത്രം എടുത്തു കാണിക്കുമെന്നും ഒറ്റപ്പെട്ട ഒരു ഇന്ത്യൻ സ്‌ത്രീയുടെ നിശ്ചയ ദാർഢ്യത്തിലേക്ക് കൂടിയാണ് ചിത്രം വെളിച്ചം വീശുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.