നിവിൻ പോളിയെ (Nivin Pauly) നായകനാക്കി ഹനീഫ് അദേനി (Haneef Adeni) ഒരുക്കുന്ന ചിത്രമാണ് 'രാമചന്ദ്ര ബോസ് & കോ.' (Ramachandra Boss And Co). നിവിൻ പോളിയുടെ ആരാധകരും സിനിമ ലോകവും ഒരുപോലെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ കാത്തിരിപ്പിന്‍റെ ആക്കം കൂട്ടുന്ന, ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഏറെ സ്റ്റൈലിഷ് ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിവിൻ പ്രത്യക്ഷപ്പെടുന്നത്. 'വലിയ കൊള്ളയും ചെറിയ ഗ്യാങും' എന്ന് കുറിച്ച് കൊണ്ടാണ് നിവിൻ പോളി ഫേസ്‌ബുക്കിൽ പോസ്റ്റർ പങ്കുവച്ചത്. നിവിൻ പോളി തന്നെ നായകനായി എത്തിയ 'മിഖായേൽ' എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'രാമചന്ദ്ര ബോസ് & കോ.' മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. 'എ പ്രവാസി ഹൈസ്റ്റ്' എന്ന ടാഗ് ലൈനോട് കൂടിയാണ് ഈ ചിത്രം എത്തുന്നത്. ഓണത്തിനാണ് ചിത്രത്തിന്‍റെ റിലീസ്.
ആദ്യ ചിത്രത്തില്‍ നിന്നും വ്യത്യസ്‌മായി കോമഡി പശ്ചാത്തലത്തിൽ ആണ് ഹനീഫ് അദേനി 'രാമചന്ദ്ര ബോസ് & കോ.' ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.