Nithya Menen marriage rumors: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രേക്ഷകരുടെ പ്രിയ താരം നിത്യ മേനന് ആണ് ആളുകള്‍ക്കിടയിലെ സംസാര വിഷയം. നിത്യയുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയകളിലടക്കം മാധ്യമശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ ഒരു യുവനടനുമായി നിത്യ മേനന് വിവാഹിതയാകാന്‍ പോകുന്നു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
വിവാഹ വാര്‍ത്തയില്‍ വീണ്ടും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെയെല്ലാം തള്ളിക്കളഞ്ഞാണ് നടി എത്തിയിരിക്കുന്നത്. ഒരു സ്വകാര്യ റേഡിയോയിലൂടെയായിരുന്നു നിത്യയുടെ പ്രതികരണം.
Nithya Menen on rumors: 'എന്റെ വിവാഹ വാര്‍ത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയും ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്ന് വരെ കഥകള്‍ പ്രചരിക്കും. നടീനടന്മാര് ബ്രേക്ക് എടുക്കുന്നതിനെ കുറിച്ച് ആളുകള്‍ക്ക് മനസിലാവില്ല. ഞാന്‍ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ഗര്‍ഭിണിയാണ് എന്നൊക്കെ കഥകള്‍ വന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണം.
'19(1)(എ)' പോലുള്ള സിനിമകള്‍ ചെയ്യുമ്പോഴാണ് എന്തെങ്കിലും ജോലിയെടുത്തു എന്ന് തോന്നാറുള്ളത്. അത്തരം സിനിമകളാണ് സംതൃപ്തി തരാറുള്ളത്. വിജയ് സേതുപതിയുമൊത്ത് അധികം രംഗങ്ങളുണ്ടായിരുന്നില്ല. മൂന്ന്, നാല് ദിവസങ്ങളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതൊരു നല്ല അനുഭവമായിരുന്നു. ഒരു മുഴുനീള സിനിമ ചെയ്യണമെന്ന് പറഞ്ഞു. തിയേറ്ററില്‍ പോയി അങ്ങനെ സിനിമ കാണാത്ത ആളെന്ന നിലയ്ക്ക് ഒടിടി റിലീസ് ഒരു സൗകര്യമാണ്', നിത്യ മേനന് പറഞ്ഞു.
Nithya Menen latest movies: നിത്യ മേനന്റെ ഏറ്റവും പുതിയ ചിത്രമാണ് '19(1)(എ)'. വിജയ് സേതുപതി, നിത്യ മേനന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഇന്ന് (ജൂലൈ 29) ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസായി.