കാക്കിപ്പട ക്ലൈമാക്‌സിനെ കുറിച്ച് നിരഞ്ജ് രാജു എറണാകുളം:നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജ് രാജു പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് 'കാക്കിപ്പട'. 2022ല്‍ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയെങ്കിലും അധികം പ്രേക്ഷക ശ്രദ്ധ നേടാന്‍ സിനിമയ്‌ക്ക് കഴിഞ്ഞിരുന്നില്ല.
ചിത്രം അടുത്തിടെ ജൂണില്‍ ഒടിടി റിലീസിനും എത്തിയിരുന്നു. തിയേറ്ററുകളില്‍ അധികം പ്രേക്ഷകര്‍ ലഭിക്കാത്ത സിനിമയ്‌ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രംഗവും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
എട്ട് വയസുകാരിയായ പെൺകുട്ടിയെ മയക്കു മരുന്നിന് അടിമയായ ഒരു യുവാവ് കൊലപ്പെടുത്തുകയും അറസ്‌റ്റിലായ രാഷ്ട്രീയ സ്വാധീനമുള്ള ഈ കുറ്റവാളിയെ തെളിവ് എടുക്കാനായി കൊണ്ടു വരുമ്പോൾ, നായകനും സഹനായകനും തെളിവെടുക്കാൻ എത്തിച്ച വീട്ടിലെ ബാത്റൂമിൽ പ്രതിയെ തൂക്കിക്കൊല്ലുന്നതുമാണ് 'കാക്കിപ്പട'യുടെ കഥാസാരം.
കേരളത്തിൽ ഇപ്പോൾ നടക്കുന്ന പല സംഭവ വികാസങ്ങള്‍ കോർത്തിണക്കി സാധാരണക്കാരും പ്രശസ്‌തരുമെല്ലാം 'കാക്കിപ്പട'യിലെ ക്ലൈമാക്‌സിന് സോഷ്യൽ മീഡിയയിൽ കയ്യടി നല്‍കിയിരിക്കുകയാണ്. സമാന രീതിയിലുള്ള കുറ്റം ചെയ്യുന്നവർക്ക് ഇങ്ങനെയുള്ള ശിക്ഷ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് പലരുടെയും അഭിപ്രായം.
ഇതേ കുറിച്ച് നിരഞ്ജിനോട് ചോദിച്ചാൽ മറുപടി ഇങ്ങനെ.. 'നമ്മൾ എല്ലാവരുടെയും മനസിൽ തോന്നുന്ന ഒരു വികാരമാണ് ആ സംവിധായകൻ ക്ലൈമാക്‌സിൽ സിനിമാറ്റിക് ആയി ചിത്രീകരിച്ചിരിക്കുന്നത്. ധാരാളം സിനിമകളുടെ തിരക്കഥകൾ വായിച്ചിട്ടുണ്ടെങ്കിലും കാക്കിപ്പടയുടെ തിരക്കഥ വായിക്കുമ്പോൾ ആ രംഗം വല്ലാതെ എക്സൈറ്റ് ചെയ്‌തിരുന്നു.
'കാക്കിപ്പട'യെ പ്രേക്ഷകർ വലിയ വിജയമായി തിയേറ്ററുകളിൽ ഏറ്റെടുത്തില്ലെങ്കിലും ഈ ചിത്രം നിർമാതാവിന് വളരെയധികം സാമ്പത്തിക ലാഭം ഉണ്ടാക്കി കൊടുത്തു. 30 ദിവസം ചിത്രം എ ക്ലാസ് ഓഡിയൻസിനായി പ്രദർശനം തുടർന്നു. ഒരു അഭിനേതാവ് എന്നതിലുപരി
ഒരു സാധാരണക്കാരന്‍റെ മനസും കൂട്ടിയിണക്കിയാണ് ആ രംഗത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകർക്ക് ആ രംഗം ഹൃദയത്തിൽ സ്‌പർശിച്ചതും.
ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും രോഷം അവർക്ക് പ്രകടിപ്പിക്കാൻ സാധിക്കുന്നത് ഇത്തരം സിനിമകളിലെ രംഗങ്ങൾ മുന്നിൽവച്ച് സംസാരിച്ചു കൊണ്ടാണ്. അല്ലാതെ ആർക്കും ഒന്നിനും പറ്റില്ലല്ലോ' -നിരഞ്ജ് രാജു പറഞ്ഞു.
ഷെബി ചൗഘട്ട് ആണ് 'കാക്കിപ്പട'യുടെ സംവിധായകന്‍. 'ബോബി', 'പ്ലസ് ടു' എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് 'കാക്കിപ്പട'. എസ് വി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെജി വലിയകത്താണ് സിനിമയുടെ നിര്‍മാണം.
നിരഞ്ജിനെ കൂടാതെ അപ്പാനി ശരത്, സുജിത്ത് ശങ്കർ, മണികണ്‌ഠൻ ആചാരി, മാല പാർവതി, ആരാധിക, ജയിംസ് ഏല്യ, സജിമോന്‍ പാറയില്‍, സൂര്യ അനില്‍, പ്രദീപ് തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
പ്രശാന്ത് കൃഷ്‌ണയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ബാബു രത്നം എഡിറ്റിങ്ങും നിര്‍വഹിച്ചു. കോസ്റ്റ്യൂം ഡിസൈന്‍ - ഷിബു പരമേശ്വരന്‍, മേക്കപ്പ് - പ്രദീപ് മസ്‌ക്കറ്റ്, കലാസംവിധാനം - സാബുറാം എന്നിവരും നിര്‍വഹിച്ചു. അതേസമയം 'അച്ഛനൊരു വാഴ വച്ചു' എന്ന സിനിമയാണ് നിരഞ്ജ് രാജുവിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Also Read:'ഇത് കേരളമാ.. ഇവിടെ ഭരിക്കുന്നത് പൊലീസ് അല്ല പിണറായി വിജയനാ'; കാക്കിപ്പട ടീസര്‍ ഡയലോഗ് വൈറല്‍