നിരഞ്ജ് രാജു, എവി അനൂപ്, ശാന്തി കൃഷ്‌ണ, ആത്മീയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന 'അച്ഛനൊരു വാഴ വെച്ചു' (Achanoru Vazha Vechu) ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. സാന്ദീപിന്‍റെ ആദ്യ സംവിധാന സംരംഭമായ 'അച്ഛനൊരു വാഴ വെച്ചു' ഒരു കളർഫുൾ എൻ്റർടെയ്‌നർ ചിത്രമായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
പേരുപോലെ തന്നെ വ്യത്യസ്‌തമായ കഥ പശ്ചാത്തലവുമായി എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ ശ്രദ്ധ നേടുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍, മുകേഷ്, ജോണി ആന്‍റണി, അപ്പാനി ശരത്, ഫുക്രു, ഭഗത് മാനുവൽ, സോഹൻ സീനു ലാൽ, അശ്വിൻ മാത്യു, മീര നായർ, ലെന, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എവിഎ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോക്‌ടര്‍ എവി അനൂപാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ഇവരുടെ 25-ാമത്തെ ചിത്രം കൂടിയാണ് 'അച്ഛനൊരു വാഴ വെച്ചു'. അതേസമയം ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് മലയാളത്തിലെ പ്രമുഖ നിർമാണ - വിതരണ കമ്പനിയായ ഇ ഫോർ എന്‍റർടെയ്‌ന്‍മെന്‍റാണ്.
മനു ഗോപാൽ ആണ് ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പി സുകുമാർ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് വി സാജൻ ആണ്. കെ ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകരുന്നത്. ബിജി ബാലാണ് പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.