നിമിഷ സജയനും റോഷൻ മാത്യുവും ഒന്നിക്കുന്ന സീരീസാണ് 'പോച്ചർ'. ആമസോൺ ഒറിജിനൽ സീരീസായ 'പോച്ചർ' റിലീസിനൊരുങ്ങുകയാണ് (Prime Video original crime series Poacher). ഫെബ്രുവരി 23 മുതൽ സീരിസ് സ്‌ട്രീമിംഗ് ആരംഭിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് പ്രൈം വീഡിയോ (Nimisha Sajayan, Roshan Mathew starrer Poacher to stream on Prime Video).
ജോർദാൻ പീലെസ് ഗെറ്റ് ഔട്ട്, സ്‌പൈക്ക് ലീയുടെ ബ്ലാക്ക് ക്ലാൻസ്‌മാൻ തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ ഒരുക്കിയ, ഓസ്‌കാർ പുരസ്‌കാരം നേടിയ പ്രൊഡക്ഷൻ ഫിനാൻസ് കമ്പനിയായ ക്യുസി എന്‍റർടെയിൻമെന്‍റ് (QC Entertainment) നിർമിച്ച ആദ്യത്തെ ടെലിവിഷൻ പരമ്പര എന്ന സവിശേഷതയുമായാണ് 'പോച്ചർ' എത്തുന്നത്. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമാതാവ് റിച്ചി മേത്തയാണ് (Richie Mehta) പോച്ചറിന്‍റെ സംവിധാനം. ഈ സീരീസിനായി തിരക്കഥ ഒരുക്കിയതും സംവിധായകൻ റിച്ചി മേത്തയാണ്.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെയും അന്വേഷണത്തിന്‍റെയും കഥയാണ് 'പോച്ചർ' പറയുന്നത്. കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിൽ, കേരളത്തിലെ നിബിഡ വനങ്ങളിലും ഡൽഹിയിലെ കോൺക്രീറ്റ് കാടുകളിലും നടന്ന സംഭവങ്ങളുടെ സാങ്കൽപ്പിക ദൃശ്യാവിഷ്‌കാരം കൂടിയാണ് 'പോച്ചർ'. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസർമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ എൻജിഒ പ്രവർത്തകർ, പൊലീസ് കോൺസ്റ്റബിൾമാർ, ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ ജീവൻ പണയപ്പെടുത്തിയ സമരനേതാക്കൾ എന്നിവർ നൽകിയ മഹത്തായ സംഭാവനകൾ തുടങ്ങിയവ ഈ പരമ്പര ഹൈലൈറ്റ് ചെയ്യുന്നുണ്ട്.