ന്യൂയോര്‍ക്ക്: ലോക സുന്ദരി പട്ടം സ്വന്തമാക്കി നിക്കരാഗ്വയുടെ ഷീനിസ് പലാസിയോസ് (Sheynnis palacios). ഇന്ത്യയെ പ്രതിനിധീകരിച്ച ഇരുപത്തിമൂന്നുകാരി, ശ്വേത ശാർദ (Sweta sharda) സെമി ഫൈനൽ വരെയെത്തി അവസാന പത്തിൽ നിന്ന് പുറത്തായി. പ്യൂർട്ടോ റിക്കോ, തായ്‌ലൻഡ്, പെറു, കൊളംബിയ, നിക്കരാഗ്വ, ഫിലിപ്പീൻസ്, എൽ സാൽവഡോർ, വെനസ്വേല, ഓസ്‌ട്രേലിയ, സ്‌പെയിൻ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടം നേടിയത്.
നിക്കരാഗ്വൻ മോഡലും ടെലിവിഷൻ അവതാരകയുമായ ഷീനിസ് പലാസിയോസ് ഈ വർഷത്തെ മിസ് നിക്കരാഗ്വ കൂടിയാണ്. വിശ്വ സുന്ദരി പട്ടം കയ്യടക്കുന്ന ആദ്യ നിക്കരാഗ്വക്കാരിയും ഷീനിസ് പലാസിയോസ് തന്നെ. മുൻപ് മിസ് വേൾഡ് 2021ൽ പങ്കെടുത്ത ഇവർ ആദ്യ നാൽപ്പതിൽ ഇടം നേടിയിരുന്നു. നിക്കരാഗ്വ മിസ് ടീൻ, മിസ് വേൾഡ് നിക്കരാഗ്വ 2020 എന്നീ പട്ടങ്ങളും നേടിയിട്ടുണ്ട്.
തായ്‌ലാൻഡിൽ നിന്നുള്ള അന്‍റോണിയ പോർസിലിദാണ് ആദ്യ റണ്ണർ അപ്പ്. ഓസ്‌ട്രേലിയയിൽ നിന്നുള്ള മൊറായ വിൽസണാണ് രണ്ടാം റണ്ണർ അപ്പ്. 90 രാജ്യങ്ങളിൽ നിന്നുള്ള 84 മത്സരാർഥികളാണ് മാറ്റുരച്ചത്.
എൽ സാൽവഡോറിലെ ജോസ് അഡോൾഫോ പിനെഡ അരീനയിലായിരുന്നു 72-ാമത് മിസ് യൂണിവേഴ്‌സ് മത്സരം (72th Miss universe 2023) നടന്നത്. എൽ സാൽവഡോർ 1975 ന് ശേഷം ആദ്യമായാണ് മിസ് യൂണിവേഴ്‌സിന് ആതിഥേയത്വം വഹിക്കുന്നത്. മുൻ മിസ് യൂണിവേഴ്‌സ് ഒലിവിയ കുൽപോ, ജീനി മായ്, മരിയ മെനോനോസ് എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സ്ത്രീകളുടെ സൗന്ദര്യവും ബുദ്ധിയും ആഘോഷിക്കുന്ന മത്സരവേദിയാണ് മിസ് യൂണിവേഴ്‌സ്. അമേരിക്കക്കാരിയായ ആർ'ബോണി ഗബ്രിയേലാണ് മുൻ വർഷത്തെ ജേതാവ്(Miss universe 2022 winner R Bonny Gabriel).