ബാലതാരമായി തുടങ്ങി പിന്നീട് നായികാനടിയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ ഫഹദ്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റുഭാഷകളിലും നിരവധി ആരാധകരാണ് നസ്രിയയ്‌ക്കുളളത്. എക്‌സ്‌പ്രഷന്‍ ക്വീന്‍ എന്നാണ് സിനിമാപ്രേമികള്‍ നടിയെ വിളിക്കാറുളളത്.
ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, നേരം എന്നീ സിനിമകള്‍ മോളിവുഡില്‍ നസ്രിയയുടെ താരമൂല്യം വര്‍ധിപ്പിച്ച ചിത്രങ്ങളാണ്. തമിഴില്‍ രാജാറാണി പോലുളള ചിത്രങ്ങളും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു. മലയാളം, തമിഴ് ഭാഷകള്‍ക്ക് പിന്നാലെ അടുത്തിടെയാണ് നസ്രിയയുടെ തെലുങ്ക് ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.
നാനിയുടെ നായികയായി 'അണ്ടെ സുന്ദരാനികി' എന്ന ചിത്രത്തിലൂടെയാണ് നസ്രിയ ടോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. റിലീസിനൊരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് 'അണ്ടെ സുന്ദരാനികി' ട്രെയ്‌ലറിന് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.
റൊമാന്‍റിക്ക് കോമഡി എന്‍റര്‍ടെയ്‌നറായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ജൂണ്‍ പത്തിനാണ് ചിത്രത്തിന്‍റെ റിലീസ്. ഹൈദരാബാദില്‍ വച്ചാണ് സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. ഗ്ലാമറസ് ലുക്കിലാണ് പരിപാടിക്കായി നസ്രിയ എത്തിയത്.
ഗ്ലാമറസ് ഔട്ട്‌ഫിറ്റില്‍ ട്രെയ്‌ലര്‍ ലോഞ്ചിനിടെ എടുത്ത ചിത്രങ്ങള്‍ നസ്രിയ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചു. നിരവധി പേരാണ് നടിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി എത്തിയത്. ആരാധകര്‍ക്ക് പുറമെ ദുല്‍ഖര്‍ സല്‍മാന്‍, അന്ന ബെന്‍, പ്രയാഗ മാര്‍ട്ടിന്‍, ശ്രിന്ദ, വിനയ് ഫോര്‍ട്ട്, മേഘ്‌ന രാജ്, അനുപമ പരമേശ്വരന്‍ ഉള്‍പ്പെടെയുളള താരങ്ങളും കമന്‍റുകളുമായി എത്തി.
'അരേ! വാട്ട് എ ഗ്ലാമര്‍' എന്നാണ് നസ്രിയയുടെ അടുത്ത സുഹൃത്തായ ദുല്‍ഖര്‍ സല്‍മാന്‍ നടിയുടെ ചിത്രത്തിന് താഴെ കമന്‍റിട്ടത്. ഗ്ലാമറസായുളള ആറ് ഫോട്ടോസാണ് നസ്രിയ പോസ്റ്റ് ചെയ്‌തിട്ടുളളത്. വിവാഹ ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് നടി സിനിമയിലേക്ക് തിരിച്ചെത്തിയത്.
അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്‌ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്. തുടര്‍ന്ന് ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നീ സിനിമകളിലും നസ്രിയ ഭാഗമായി. അഭിനയത്തിന് പുറമെ നിര്‍മാണ രംഗത്തും തുടക്കം കുറിച്ചിരുന്നു താരം. വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ്, സി യൂ സൂണ്‍ എന്നീ സിനിമകള്‍ നസ്രിയ നിര്‍മ്മിച്ചു.