സിനിമയിൽ തന്‍റെയൊപ്പം എത്തിയ നായികമാരിൽ ഭൂരിഭാഗം പേരും കരിയറിൽ ഔട്ടായപ്പോഴും പിന്മാറാൻ തയ്യാറാകാതെ തകർപ്പൻ തിരിച്ചുവരവുകൾ നടത്തി പ്രേക്ഷകരെ ഞെട്ടിച്ച നടിയാണ് നയൻതാര. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരസുന്ദരി എന്ന ലേബലിലേക്ക് ഡയാന മറിയം കുര്യൻ എന്ന നയൻതാര നടന്നെത്തിയ യാത്ര ഒരു സിനിമാക്കഥ പോലെ തോന്നിയേക്കാം. പക്ഷേ ആത്മവിശ്വാസത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും അഭിനയ പാടവത്തിന്‍റെയും കരുത്ത് തന്നെയാണ് നായകന്മാർ മാത്രം അരങ്ങുവാഴുന്ന ഇൻഡസ്‌ട്രിയിൽ സ്വന്തം പേരിന് മുന്നിൽ 'സൂപ്പർ സ്റ്റാർ' പട്ടം എഴുതിച്ചേർക്കാൻ നയൻതാരയെ പ്രാപ്‌തയാക്കിയത്.
ആരെയും പ്രചോദിപ്പിക്കുന്നതാണ് നയൻതാരയുടെ സിനിമായാത്ര. സത്യൻ അന്തിക്കാടിന്‍റെ 'മനസിനക്കരെ' എന്ന മലയാള ചിത്രത്തിലൂടെയാണ് തുടക്കം. പിന്നീട് തമിഴിലേക്കും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും അവർ വളർന്നു. ഇന്നിതാ ബോളിവുഡിലും തന്‍റെ വരവറിയിച്ച് കഴിഞ്ഞു നയനസ്. അറ്റ്‌ലി ഒരുക്കിയ, കിംഗ് ഖാൻ ഷാരൂഖ് നായകനായ 'ജവാൻ' ബോക്‌സോഫിസിൽ ഇന്നുവരെ കാണാത്ത റൊക്കോഡുകളാണ് സ്വന്തമാക്കിയത്.
തിരുവല്ലയിൽ ജനിച്ച ഡയാന മറിയം കുര്യൻ, ഔദ്യോഗികമായി നയൻതാരയാകുന്നത് 2011ലാണ്. ഹിന്ദു മതം സ്വീകരിച്ചുകൊണ്ടാണ് അവർ പേര് മാറ്റിയത്. പലപ്പോഴായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞെങ്കിലും അതിനൊന്നും ചെവികൊടുക്കാൻ നയൻതാരയയ്‌ക്ക് മനസില്ലായിരുന്നു. അപ്പോഴും തന്‍റെ കരിയറിൽ പുതിയ മൈൽസ്റ്റോണുകൾ എഴുതി ചേർക്കുന്ന തിരക്കിലായിരുന്നു അവർ. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് ആരാധകർ നയൻതാരയെ സ്‌നേഹപൂർവം വിളിക്കുന്നത് വെറുതെയല്ല.
മലയാളത്തിലും കൈനിറയെ ചിത്രങ്ങൾ: 'മനസിനക്കരെ' സിനിമയിൽ അഭിനയിക്കുമ്പോൾ 19 വയസ് മാത്രമായിരുന്നു നയൻതാരയുടെ പ്രായം. പിന്നാലെ നാട്ടു രാജാവ്, വിസ്‌മയത്തുമ്പത്ത്, തസ്‌കരവീരൻ, രാപ്പകൽ, ബോഡി ഗാർഡ്, ഭാസ്‌കർ ദി റാസ്‌കൽ, പുതിയ നിയമം, ലൗ ആക്ഷൻ ഡ്രാമ, ഗോൾഡ് തുടങ്ങി ഒട്ടേറെ സിനിമകളിൽ നയൻതാര വേഷമിട്ടു. ഷാരൂഖ് ഖാന്‍റെ നായികയായി 'ജവാനി'ലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോഴും നയൻതാരയുടെ തുടക്കം മലയാളത്തിൽ നിന്നാണെന്നതിൽ മലയാളികൾ ഒന്നടങ്കം ഊറ്റം കൊണ്ടു.
ആദ്യ ചിത്രത്തിന് ശേഷം നയൻതാര തമിഴിലേക്ക് ചുവടുമാറി. പിന്നാലെ തെന്നിന്ത്യയുടെ ഹരമായി നയൻസ് മാറുന്നതാണ് നാം കണ്ടത്. രജനികാന്തിനൊപ്പം ചന്ദ്രമുഖി, തുടർന്ന് ഗജിനി, ബില്ല, യാരടി നീ മോഹിനി, അയ്യാ, ഇരുമുഖൻ, തനി ഒരുവൻ, നാനും റൗഡി താൻ, കോലമാവ് കോകില, ഒടുവിലിതാ ജവാൻ...അങ്ങനെ തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റ് നീളും.
2023 നവംബർ 18 ന് നയൻതാരയ്‌ക്ക് 39 വയസ് തികയുകയാണ്. നയൻതാരയുടെ രണ്ട് പതിറ്റാണ്ട് നീളുന്ന അവിശ്വസനീയമായ സിനിമാ യാത്രയിലേക്ക് ഊളിയിടാനുള്ള ഉചിതമായ നിമിഷം കൂടിയാണിത്. എണ്ണമറ്റ സിനിമകളിൽ കരുത്തുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച നയൻതാരയുടെ കണ്ടിരിക്കേണ്ട ചിത്രങ്ങളും കഥാപാത്രങ്ങളുമിതാ...
1. കോലമാവ് കോകില (Kolamavu Kokila- 2028)
നയൻതാര പ്രധാന വേഷത്തിലെത്തിയ, 2018ൽ പുറത്തിറങ്ങിയ ചിത്രമാണ് കോലമാവ് കോകില. ഏറെ നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിൽ നയൻതാരയുടെ പ്രകടനം കയ്യടിനേടി.
രോഗിയായ അമ്മയടങ്ങുന്ന കുടുംബത്തിന് വേണ്ടി മയക്കുമരുന്ന് കടത്തിന്‍റെ ലോകത്തേക്ക് പ്രവേശിക്കുന്ന കോകില എന്ന കഥാപാത്രത്തെയാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ നയൻതാര അവതരിപ്പിച്ചത്. കോമഡി ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നയൻതാരയുടെ കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ്.
2. മായ (Maya- 2015)