മുംബൈ:ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയുടേയും ഭാര്യ ആലിയ നവാസുദ്ദീൻ സിദ്ദിഖിയുടേയും കേസ് ഒത്തുതീർപ്പായി. ബോംബെ ഹൈക്കോടതി മുന്നോട്ടുവച്ച നിബന്ധനകളും വ്യവസ്ഥകളും തങ്ങൾ അംഗീകരിക്കുന്നുവെന്ന് നവാസുദ്ദീൻ സിദ്ദിഖിയും ഭാര്യ ആലിയയും അംഗീകരിച്ചതോടെയാണ് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച കേസിന് അന്ത്യമാകുന്നത്. ഇതോടെ ബോളിവുഡിലെ 'സിദ്ദിഖി കുടുംബ' ചർച്ചകൾക്ക് അന്ത്യമാകും.
മുൻ ഭാര്യ ആലിയ എന്ന സൈനബ് സിദ്ദിഖിക്കും ഭാര്യാസഹോദരൻ ഷംസുദ്ദീന്‍ സിദ്ദിഖിക്കും എതിരെ നവാസുദ്ദീൻ സിദ്ദിഖി മാനനഷ്‌ട കേസ് നൽകിയിരുന്നു. നവാസുദ്ദീൻ സിദ്ദിഖി 100 കോടി രൂപയാണ് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത്. ഈ കേസ് പരിഗണിച്ച കോടതി നവാസുദ്ദീൻ സിദ്ദിഖിയോടും കുടുംബാംഗങ്ങളോടും ഏപ്രിൽ മൂന്നിന് ബോംബെ ഹൈക്കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് നവാസിന്‍റെ ഭാര്യയും രണ്ട് മക്കളും സഹോദരൻ ഷംസുദ്ദീനും കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നു.
അതേസമയം, കോടതി മുന്നോട്ടുവച്ച നിബന്ധനകളും വ്യവസ്ഥകളും എന്താണെന്ന് ഇവർ വെളിപ്പെടുത്തിയിട്ടില്ല. ഇത് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത് കോടതി വിലക്കിയതായി ഇവരുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, കുട്ടികളുടെ വിദ്യാഭ്യാസവും വളർത്തലും നവാസുദ്ദീന്‍റെ ഉത്തരവാദിത്തമാണെന്ന് കോടതി നിർദേശിച്ചതായി അഭിഭാഷകർ കൂട്ടിച്ചേർത്തു. കുട്ടികൾ കുടുംബത്തോടൊപ്പം ദുബായിൽ പോയി പഠിക്കും എന്നും അഭിഭാഷകർ മാധ്യമങ്ങളെ അറിയിച്ചു.
ഭാര്യയും സഹോദരനും തന്നെ അപകീർത്തിപ്പെടുത്തുകയാണെന്നും സോഷ്യൽ മീഡിയയിൽ തന്‍റെ ഒരു കാര്യങ്ങളും പങ്കുവയ്‌ക്കരുതെന്നുമാണ് നവാസുദ്ദീൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ബോംബെ ഹൈക്കോടതിയിലെ ജസ്‌റ്റിസ് രേവതി മൊഹിതേ ദേരെ അധ്യക്ഷയായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
'നവാസുദ്ദീൻ ഒരു പിതാവാണെന്ന് മറന്നു':നവാസുദ്ദീൻ മക്കളെ വളർത്തിയിട്ടില്ല. അദ്ദേഹത്തോടൊപ്പം ജീവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് ആലിയ പറയുന്നു. വേർപിരിഞ്ഞ ഭാര്യ ആലിയ സിദ്ദിഖിക്ക് അയച്ച സെറ്റിൽമെന്‍റ് പ്രൊപ്പോസലിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. കോടതിയിൽ നവാസ് തന്‍റെ രണ്ട് മക്കളുടെ കസ്‌റ്റഡിയും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനും വളർത്തലിനും വേണ്ടി എന്തും സഹിക്കാൻ താൻ തയ്യാറാണെന്നും ആലിയ പറഞ്ഞു. പ്രശസ്‌തിയും താരപരിവേഷവും വന്നതോടെ നവാസുദ്ദീൻ താൻ ഒരു പിതാവാണെന്ന് മറന്നുവെന്നും ആലിയ കൂട്ടിച്ചേർത്തു.
'അദ്ദേഹത്തിന്‍റെ അഭിഭാഷകർ ഞങ്ങൾക്ക് സെറ്റിൽമെന്‍റ് പേപ്പറുകൾ അയച്ചിട്ടുണ്ട്. കുട്ടികളെ തന്നോടൊപ്പം താമസിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്. അത് സാധ്യമല്ല. ജനനം മുതൽ കുട്ടികൾ എന്‍റെ കൂടെയുണ്ട്, അച്ഛന്‍റെ അടുത്തേക്ക് പോകാൻ പോലും അവർ ആഗ്രഹിക്കുന്നില്ല. നവാസ് ഇടക്ക് വെറുതെ വന്നു കുട്ടികളെ കാണാറുണ്ട്. അയാൾ ഒരിക്കൽപ്പോലും കുട്ടികളുടെ കൂടെ വേണ്ടത്ര സമയം ചെലവഴിക്കാറില്ല. അതിനാൽ, യഥാർഥത്തിൽ അച്ഛനുമായുള്ള ബന്ധം എന്താണെന്ന് പോലും കുട്ടികൾക്ക് അറിയില്ല'.
'എന്‍റെ മകൾക്ക് 13 വയസായി, ഞങ്ങൾക്കിടയിൽ കാര്യങ്ങൾ എത്രത്തോളം വഷളായി മാറിയെന്ന് അവൾ ഇപ്പോൾ നേരിട്ട് കാണുന്നു. സത്യത്തിൽ, നവാസിന്‍റെ കൂടെ പോയി നിൽക്കണോ എന്ന് ഞാൻ അവളോട് ചോദിക്കുകയും അവൾ പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് ശാഠ്യം പിടിക്കുകയും ചെയ്‌ത ഒരുപാട് സന്ദർഭങ്ങളുണ്ട്. എന്‍റെ രണ്ടാമത്തെ കുട്ടി വളരെ ചെറുതാണ്. പപ്പ എന്നത് അവൻ അപൂർവമായി മാത്രം പറയുന്ന ഒരു വാക്കാണ്. കാരണം അദ്ദേഹത്തെ കുട്ടി വേണ്ടത്ര കണ്ടിട്ടില്ല' - ആലിയ വ്യക്തമാക്കി.