മുംബൈ:ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖിയും മുന്‍ ഭാര്യ ആലിയയും തമ്മിലുളള വഴക്കുകളായിരുന്നു ഈയിടെയായി സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. തന്നെയും മക്കളെയും നവാസുദ്ദീൻ വീട്ടില്‍ കയറാൻ അനുവദിക്കാതെ ഇറക്കിവിട്ടുവെന്ന് കാണിച്ച് ആലിയ പങ്കുവച്ച വീഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തന്നെയും രണ്ടുമക്കളെയും പെരുവഴിയിൽ ഉപേക്ഷിച്ചെന്നും, തങ്ങൾക്കിനി പോകാൻ വേറെ ഇടമില്ലെന്നും ആലിയ വീഡിയോയിൽ പറയുന്നു. കൂടാതെ തൻ്റെ കയ്യിൽ ഒരുരൂപപോലും ഇല്ലെന്നു പറയുന്ന ആലിയ ഒരുകാരണവശാലും ഒരിക്കലും നവാസിനോട് ക്ഷമിക്കില്ലെന്നും കൂട്ടിച്ചേർത്തു.
വീഡിയോയിൽ നവാസിൻ്റെ മൂത്ത മകൾ ഷോറ കരയുന്നതും കാണാൻ സാധിക്കും. താരത്തിനെതിരെ ബലാത്സംഗം ആരോപിച്ച് ആലിയ പരാതിയും നൽകിയിരുന്നു. ഇത്രയും സംഭവവികാസങ്ങളുണ്ടായിട്ടും പ്രതികരിക്കാതിരുന്ന നവാസുദ്ദീൻ സിദ്ദീഖി ഒടുവിൽ തൻ്റെ മൗനം വെടിഞ്ഞിരിക്കുകയാണ്. തൻ്റെ പ്രതികരണം ഇൻസ്റ്റഗ്രാമില്‍ ഒരു നീണ്ട കുറിപ്പായി പങ്കുവയ്‌ക്കുകയായിരുന്നു നവാസ്.
നവാസുദ്ദീൻ്റെ പ്രതികരണം: എൻ്റെ നിശബ്‌ദത കാരണം എന്നെ എല്ലായിടത്തും ഒരു മോശക്കാരനായി ചിത്രീകരിക്കുന്നു, ഈ തമാശകളെല്ലാം എൻ്റെ കൊച്ചുകുട്ടികൾ എവിടെയെങ്കിലും വായിക്കും എന്നതിനാലാണ് ഞാൻ ഇത്രയും നാൾ മിണ്ടാതിരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പ്രസ്സുകളും ഒരു കൂട്ടം ആളുകളും ഏകപക്ഷീയവും കൃത്രിമവുമായ വീഡിയോകളുടെ അടിസ്ഥാനത്തിൽ എൻ്റെ സ്വഭാവഹത്യ ശരിക്കും ആസ്വദിക്കുന്നുണ്ട്. എനിക്കും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.
1. ഒന്നാമതായി ഞാനും ആലിയയും വർഷങ്ങളായി ഒരുമിച്ച് താമസിക്കുന്നില്ല, ഞങ്ങൾ ഇതിനോടകം വിവാഹമോചനം നേടിയവരാണ്, എന്നിരുന്നാലും ഞങ്ങളുടെ കുട്ടികളെ ഓർത്ത് ഞങ്ങൾ ഇരുവരും ഒരു ധാരണയിലെത്തിയിരുന്നു.
2. എന്തുകൊണ്ടാണ് എൻ്റെ കുട്ടികൾ ഇന്ത്യയിലുള്ളതെന്നും അവർ എന്താണ് 45 ദിവസമായി സ്‌കൂളിൽ പോകാത്തതെന്നും ആർക്കെങ്കിലും അറിയാമോ, അതേ സമയം കുട്ടികൾ കുറേകാലമായി സ്‌കൂളിൽ വരുന്നില്ലെന്ന് പറഞ്ഞ് എനിക്ക് ദിവസവും സ്‌കൂളിൽ നിന്ന് കത്തുകൾ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 45 ദിവസമായി എൻ്റെ കുട്ടികളെ ബന്ദികളാക്കിയിരിക്കുകയാണ്, അവർക്ക് അവരുടെ വിദ്യാഭ്യാസം നഷ്‌ടപ്പെടുകയാണ്.'
3. പണം ആവശ്യപ്പെടാൻ കുട്ടികളെ ഇങ്ങോട്ട് വിളിച്ചു വരുത്തുന്നതിന് മുൻപ്, നാല് മാസം കുട്ടികളെ ദുബായിൽ ഉപേക്ഷിച്ചവളാണ് അവൾ. കഴിഞ്ഞ രണ്ട് വർഷമായി 10 ലഷം രൂപയാണ് പ്രതിമാസം അവൾക്ക് അയച്ചു കൊടുക്കുന്നത്. കൂടാതെ അഞ്ച് മുതൽ ഏഴ് ലക്ഷം രൂപവരെയാണ് കുട്ടികളുമായി ദുബായിലേക്ക് പോകുന്നതിന് മുൻപ് അവൾക്ക് കിട്ടികൊണ്ടിരുന്നത്. ഇത് സ്‌കൂൾ ഫീസ്, മെഡിക്കൽ ഫീസ്, യാത്രാ ചെലവ്, ഒഴിവുസമയങ്ങൾ ആനന്ദകരമാക്കാനുള്ള ചെലവ് ഇതെല്ലാം ഒഴിവാക്കികൊണ്ടുള്ളയാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് അവളുടെ മൂന്ന് സിനിമകൾക്കും ഞാൻ ധനസഹായം നൽകിയിട്ടുണ്ട്, അവൾക്ക് ഞാൻ എൻ്റെ കുട്ടികൾക്കായി ആഡംബര കാറുകൾ നൽകി, പക്ഷേ അവൾ അവ വിറ്റ് പണം തനിക്കായി ചെലവഴിച്ചു. എൻ്റെ കുട്ടികൾക്കായി മുംബൈയിലെ വെർസോവയിൽ കടലിനഭിമുഖമായ ഒരു അപ്പാർട്ട്മെൻ്റും ഞാൻ വാങ്ങിയിട്ടുണ്ട്. കുട്ടികൾ ചെറുതായതിനാൽ ആലിയയെ അപ്പാർട്ട്മെൻ്റിൻ്റെ സഹ ഉടമയാക്കി. എൻ്റെ മക്കൾക്കായി ദുബായിൽ ഞാൻ ഒരു അപ്പാർട്ട്മെൻ്റ് നൽകി, അവളും സുഖമായി താമസിച്ചു. അവൾക്ക് കൂടുതൽ പണം മാത്രമേ ആവശ്യമുള്ളൂ, അതിനാൽ എൻ്റെയും അമ്മയുടെയും പേരിൽ നിരവധി കേസുകൾ ഫയൽ ചെയ്‌തിട്ടുണ്ട് ഇത് അവളുടെ പതിവാണ്. അവൾ പണ്ടും ഇത് പോലെ ചെയ്‌തിട്ടുണ്ട്, അവളുടെ ആവശ്യപ്രകാരം പണം നൽകിയപ്പോൾ കേസ് പിൻവലിക്കുകയും ചെയ്യുന്നു.
4. എൻ്റെ കുട്ടികൾ അവരുടെ അവധിക്കാലത്ത് ഇന്ത്യയിലേക്ക് വരുമ്പോഴെല്ലാം അവരുടെ മുത്തശ്ശിയോടൊപ്പം മാത്രമാണ് താമസിക്കുക. അവരെ എങ്ങനെ അവിടെ നിന്ന് പുറത്താക്കാൻ കഴിയും, ഞാൻ ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. മറ്റെല്ലാത്തിൻ്റെയും വീഡിയോ ഉണ്ടാക്കുന്ന അവൾ എന്തുകൊണ്ട് വീട്ടിൽ നിന്നും പുറത്താക്കുന്നതിൻ്റെ വീഡിയോ ഉണ്ടാക്കിയില്ല.
5. ഈ നാടകത്തിൽ അവൾ കുട്ടികളെ വലിച്ചിഴച്ചു, അത് എന്നെ ബ്ലാക്ക് മെയിൽ ചെയ്യാനാണ്. എൻ്റെ സല്‍പ്പേര് കളഞ്ഞുകുളിച്ച്, എൻ്റെ ഭാവി ഇല്ലാതാക്കി അവളുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമം.
ഏതൊരു രക്ഷകർത്താവും തങ്ങളുടെ കുട്ടികളുടെ പഠനം നഷ്‌ടപ്പെടുത്താനോ അവരുടെ ഭാവിയെ തടസ്സപ്പെടുത്താനോ ഒരിക്കലും ആഗ്രഹിക്കില്ല, അവർക്ക് സാധ്യമായ ഏറ്റവും മികച്ച കാര്യങ്ങൾ നൽകാൻ എപ്പോഴും ശ്രമിക്കും. ഇന്ന് ഞാൻ സമ്പാദിക്കുന്നതെല്ലാം എൻ്റെ രണ്ട് മക്കൾക്കും വേണ്ടിയുള്ളതാണ്, ഇത് മാറ്റാൻ ആർക്കും കഴിയില്ല. ഞാൻ ഷോറയേയും യാനിയേയും സ്നേഹിക്കുന്നു, അവരുടെ ക്ഷേമവും ഭാവിയും സുരക്ഷിതമാക്കാൻ ഞാൻ ഏതറ്റം വരെയും പോകും. ജുഡീഷ്യറിയിലുള്ള എൻ്റെ വിശ്വാസം ഞാൻ തുടരും.
സ്നേഹം ഒരാളെ തടഞ്ഞുനിർത്തലല്ല, മറിച്ച് ശരിയായ ദിശയിൽ പറക്കാൻ അനുവദിക്കുക എന്നതാണ് നന്ദി', നവാസുദ്ദീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നവാസുദ്ദീൻ-ആലിയ കേസ് ഇതുവരെ :വീട് തൻ്റെ പേരിലല്ലെന്നും അതിനാൽ തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നും പറഞ്ഞ നവാസുദ്ദീൻ ആലിയ വീട്ടിൽ പ്രവേശിക്കുന്നത് മാത്രമേ തടഞ്ഞിട്ടുള്ളൂ എന്നും കുട്ടികൾ പ്രവേശിക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ലെന്നും അറിയിച്ചു.