മുംബൈ:മുൻ ഭാര്യ ആലിയ എന്ന സൈനബ് സിദ്ദിഖിക്കും ഭാര്യ സഹോദരൻ ഷമാസുദ്ദീൻ സിദ്ദിഖിക്കും എതിരെ മാനനഷ്‌ട കേസ് ഫയൽ ചെയ്‌ത് നവാസുദ്ദീൻ സിദ്ദിഖി. തനിക്കെതിരെ അപകീർത്തികരവും തെറ്റായതുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചാണ് ബോംബെ ഹൈക്കോടതിയിൽ ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്‌തത്. ജസ്റ്റിസ് റിയാസ് ചഗ്ലയുടെ സിംഗിൾ ബെഞ്ച് മാർച്ച് 30 ന് കേസ് പരിഗണിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
രേഖാമൂലമുള്ള ക്ഷമാപണം വേണം: മുൻ ഭാര്യ ആലിയയുമായുള്ള നവാസുദ്ദീൻ്റെ വിവാഹ തർക്കങ്ങൾ സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും വൈറലായിരുന്നു. നടൻ്റെ മുൻ ഭാര്യ ആലിയ തന്നെയാണ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. തുടർന്ന് കോടതിയെ സമീപിച്ച നടൻ തന്നെ അപകീർത്തിപ്പെടുത്തുന്ന എന്തെങ്കിലും പ്രസ്താവനകളോ പരാമർശങ്ങളോ നടത്തുന്നതിൽ നിന്ന് ആലിയയെയും, സഹോദരനെയും ശാശ്വതമായി തടയണമെന്നും ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു. ഇതു കൂടാതെ തൻ്റെ മുൻ ഭാര്യയിൽ നിന്നും സഹോദരനിൽ നിന്നും രേഖാമൂലമുള്ള ക്ഷമാപണവും അദ്ദേഹം കോടതി മുഖാന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് പ്രകാരം, നവാസുദ്ദീൻ 2008-ൽ ഷമാസുദ്ദീനെ തൻ്റെ മാനേജരായി നിയമിക്കുകയും അന്ധമായി എല്ലാ സാമ്പത്തിക ജോലികളും അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്‌തു. തുടർന്ന് ഷമാസുദ്ദീൻ നവാസുദ്ദീൻ സിദ്ദിഖിയെ വഞ്ചിക്കുകയും നടൻ്റെ പണം ഉപയോഗിച്ച് വസ്തുവകകൾ വാങ്ങുകയും ചെയ്തു എന്നതാണ് കേസ്. തട്ടിപ്പിനെക്കുറിച്ച് തിരിച്ചറിയുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തപ്പോൾ, നവാസുദ്ദീനെതിരെ കള്ളക്കേസ് ഫയൽ ചെയ്യാൻ ഷമാസുദ്ദീൻ ആലിയയെ പ്രേരിപ്പിച്ചുവെന്നും പരാതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ആലിയയും ഷംസുദ്ദീനും തൻ്റെ സമ്പാദ്യത്തിൽ നിന്നും 21 കോടി രൂപ ദുരുപയോഗം ചെയ്തതായും നടൻ അവകാശപ്പെടുന്നു.