ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ (Illegal acquisition case) എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate) ചോദ്യം ചെയ്‌തതിന് പിന്നാലെ നടി നവ്യ നായർക്കെതിരെ വ്യാപകമായ സൈബർ അധിക്ഷേപങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ തുടരുന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നവ്യ. തനിക്ക് പിന്തുണ അറിയിച്ച് ആരാധകരില്‍ ഒരാള്‍ എഴുതിയ കുറിപ്പ് തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്‌ക്കുകയായിരുന്നു താരം (Navya Nair's Post Against Media Terrorism).
നബീര്‍ ബേക്കര്‍ എന്ന ആൾ എഴുതിയ കുറിപ്പാണ് നവ്യ പങ്കുവച്ചത്. കുറിപ്പില്‍ നബീര്‍ ബേക്കര്‍ താരത്തെ ടാഗ് ചെയ്‌തിട്ടുമുണ്ട്. ജനാധിപത്യത്തിന്‍റെ നാലാം തൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണെന്നും പ്രത്യേകിച്ച് ഇര സ്‌ത്രീയാകുമ്പോള്‍ വാര്‍ത്തകള്‍ കാട്ടു തീ പോലെ പടരുമെന്നും കുറിപ്പിൽ പറയുന്നു. തിരുത്താന്‍ കഴിയാത്ത തെറ്റാണ് മാധ്യമ ഭീകരതയെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
നവ്യ പങ്കുവച്ച കുറിപ്പിലെ വാക്കുകൾ ഇങ്ങനെ : ‘മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചിട്ടും മാധ്യമങ്ങള്‍ അത് പിന്തുടർന്നതോടെ അത് മുങ്ങിപ്പോവുകയും ചെയ്‌തു.
പൗരന്മാരെ മാനസികമായി കൊല്ലുകയാണ് ജനാധിപത്യത്തിന്‍റെ നാലാം തൂണ്‍. കടലിലേക്ക് ഒരു കല്ലെറിയുന്ന ലാഘവത്തോടെ വാർത്തകൾ കാട്ടുതീ പോലെ പടരുമ്പോൾ ആ കല്ല് എത്ര ആഴത്തിലേക്കാണ് പതിക്കുക എന്ന് തിരിച്ചറിയണം. വാര്‍ത്തകളിൽ ഇരയുടെ മാതാപിതാക്കളും പങ്കാളിയും കുട്ടികളുമൊക്കെ വേദനിപ്പിക്കപ്പെടുന്നതും സൈബറിടത്തില്‍ അവരെ അപമാനിക്കുന്നതും വളരെ ദയനീയവും സങ്കടകരവുമാണ്, പ്രത്യേകിച്ച് സ്‌ത്രീകൾ ഇരകളാവുമ്പോൾ.
മാധ്യമ ഭീകരത എന്നത് തിരുത്താന്‍ കഴിയാത്ത തെറ്റാണ്. നെല്ലും പതിരും വേർതിരിക്കാതെ വാര്‍ത്ത വരുന്ന നിമിഷത്തില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടയിൽ ഇര ഒറ്റപ്പെടും, അവരുടെ മനസാന്നിധ്യവും നഷ്‌ടമാകും. ഒരു വാര്‍ത്തയിലൂടെ ഇരയെ കീറിമുറിക്കുമ്പോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെ കൂടിയാണ് ബാധിക്കുന്നത് എന്ന് മറന്നുകൂടാ'.