നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജാനകി ജാനേ'. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. 26 സെക്കൻഡ് ദൈര്‍ഘ്യമുള്ള വളരെ രസകരമായ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
നവ്യ നായറാണ് ടീസറില്‍ ഹൈലൈറ്റാകുന്നത്. ചിത്രത്തിലെ നവ്യയുടെ കഥാപാത്രത്തിന്‍റെ സംഭാഷണത്തോടു കൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്. 'ചേട്ടാ, എനിക്ക് പേടിയുടെ ചെറിയ പ്രശ്‌നം ഉണ്ട്' എന്നാണ് നവ്യയുടെ കഥാപാത്രം പറയുന്നത്. പിന്നീട് നവ്യയുടെ തന്നെ 'നന്ദനം' എന്ന ചിത്രത്തിലെ 'കാര്‍മുകില്‍ വര്‍ണന്‍റെ ചുണ്ടില്‍' എന്ന ഗാനം പാടി കൊണ്ട് ലൈറ്റ് ഓഫ് ചെയ്യുന്ന നവ്യ പേടിച്ച് കൃഷ്‌ണനെ വിളിച്ച് ഓടുന്നതാണ് ടീസറില്‍ കാണാനാവുക.
ശക്തമായൊരു കുടുംബ കഥയെ വളരെ രസകരമായ രീതിയില്‍ അണിയിച്ചൊരുക്കുകയാണ് ചിത്രം. പ്രണയവും നര്‍മവും ഹൃദയസ്‌പര്‍ശിയായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം കടന്നുപോവുക. ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്‌റ്റിക്കായാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
കാറളം ഗ്രാമത്തിലെ ഒരു പ്രിന്‍റിങ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രപശ്ചാത്തലം. ജാനകിയുടെ ജീവിതത്തില്‍ ഒരിക്കല്‍ ഉണ്ടായ ഒരു സംഭവം പിന്നീട് അവളുടെ ജീവിതത്തില്‍ എന്നും വേട്ടയാടപ്പെടുകയാണ്. പിഡബ്‌ള്യൂഡി സബ് കോണ്‍ട്രാക് ഉണ്ണിയുമായി ജാനകി വിവാഹിതയാവുകയും വിവാഹ ജീവതത്തിലും അവളുടെ ജീവിതത്തിലുണ്ടായ ആ സംഭവം ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. ജാനകിയുടെ സംഘര്‍ഷങ്ങള്‍ തികച്ചും നര്‍മ്മത്തിന്‍റെ മുഹൂര്‍ത്തങ്ങളിലൂടെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.